മാന ശങ്കരവരപ്രസാദ് ഗാരു പ്രൊമോ സിംഗിൾ
ചിരഞ്ജീവി- നയൻതാര ചിത്രം മാന ശങ്കരവരപ്രസാദ് ഗാരുവിലെ മീശാല പിള്ള എന്ന ആദ്യ പ്രൊമോ സിംഗിൾ പുറത്തിറങ്ങി. സ്റ്റൈലിഷ് ലുക്കിൽ ആണ് ഗാനരംഗത്ത് ചിരഞ്ജീവിയും നയൻതാരയും. ഉദിത് നാരായണനും ശ്വേത മോഹനും ആലപിച്ച മെലഡി ഗാനത്തിന്റെ വരികൾ ഭാസ്കര ഭട്ലയ ആണ്. ഭീംസ് സെസി റോളിയോ സംഗീതം ഒരുക്കുന്നു.
പൊലക്കി വിജയ് ആണ് ഡാൻസ് കൊറിയോഗ്രഫി. ചിരഞ്ജീവിയുടെയും നയൻതാരയുടെയും ആകർഷകമായ നൃത്തചുവടുകൾ ഗാനത്തെ സമ്പന്നമാക്കുന്നു. അനിൽ രവിപുഡി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ആലപ്പുഴയിലും ചിത്രീകരണം ഉണ്ടായിരുന്നു.
സെയ്റ നരസിംഹ റെഡ്ഡി, ഗോഡ് ഫാദർ എന്നീ ചിത്രങ്ങൾക്കുശേഷം ചിരഞ്ജീവിയും നയൻതാരയും ഒരുമിക്കുന്ന ചിത്രം കൂടിയാണ്.
ഷൈൻ സ്ക്രീൻസ്, ഗോൾഡ് ബോക്സ് എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ സാഹു ഗരപതിയും സുസ്മിത കൊനിഡേലയും ചേർന്നാണ് നിർമ്മാണം. സംക്രാന്തിക്ക് റിലീസ് ചെയ്യും. അതേസമയം വസിഷ്ഠയുടെ സംവിധാനത്തിൽ ചിരഞ്ജീവി നായകനായി വിശ്വംഭരാ എന്ന ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തിലും ചിരഞ്ജീവി ആണ് നായകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |