ദൃശ്യത്തിന്റെ മൂന്നാംഭാഗം കാണാൻ അമിതപ്രതീക്ഷയോടെ വരാതിരിക്കൂവെന്ന് സംവിധായകൻ ജീത്തു ജോസഫ്. ത്രില്ലർ സിനിമയായിട്ടല്ല ദൃശ്യമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യത്തിന്റെ ആദ്യഭാഗം ചെയ്യുമ്പോൾ ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. മൂന്നാം ഭാഗത്തിലെ ക്ലൈമാക്സിനെക്കുറിച്ച് നടൻ ആസിഫ് അലിയടക്കമുളളവർ ചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ജീത്തു ജോസഫ് ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'ദൃശ്യത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ചെയ്യണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ലായിരുന്നു. ആദ്യത്തെ ഭാഗം കഴിഞ്ഞപ്പോൾ രണ്ടാമത്തെ ഭാഗത്തിന് എന്തെങ്കിലും സാദ്ധ്യതയുണ്ടോയെന്ന് ചിലർ ചോദിച്ചു. അങ്ങനെയാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ചെയ്യുന്നത്. ആദ്യഭാഗത്തിലുണ്ടായിരുന്ന പ്രധാനപ്പെട്ടവർ തന്നെയാണ് ബാക്കിയുളള ഭാഗങ്ങളിലും അഭിനയിച്ചത്. അവരെല്ലാം വളരെ സന്തോഷത്തോടെയാണ് വന്നത്. പ്രധാന കഥാപാത്രങ്ങളിൽ ആരെങ്കിലുമൊരാൾ എന്തെങ്കിലും കാരണം കൊണ്ട് പിൻമാറിയാൽ സിനിമ ചെയ്യണ്ടെന്ന് വയ്ക്കും.
പക്ഷെ ഇപ്പോൾ അങ്ങനെയല്ല. പണത്തിനുവേണ്ടിയല്ല ഞാൻ ഈ സിനിമ ചെയ്യുന്നത്. ബോളിവുഡ് സിനിമ കൽക്കിയുടെ രണ്ടാം ഭാഗത്തിൽ നിന്ന് നായിക ഉൾപ്പെടെയുളളവർ പ്രതിഫലത്തിന്റെ പേരിൽ പിൻമാറിയ സാഹചര്യമുണ്ടായിട്ടുണ്ട്.ഈ നാലുവർഷത്തിൽ പ്രധാന കഥാപാത്രമായ ജോർജുകുട്ടിയുടെ ജീവിതത്തിൽ ഇനി സംഭവിക്കാൻ സാദ്ധ്യതയുളളതാണ് മൂന്നാം ഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. അല്ലാതെ മറ്റുളളവർ പറയുന്നതുപോലെ രണ്ടാം ഭാഗത്തെ വെല്ലണമെന്ന് പറയുന്നതുപോലെയല്ല. അമിതപ്രതീക്ഷയോടെ ചിത്രം കാണാൻ വരരുത്. ചിത്രത്തിന്റെ ക്ലൈമാക്സിനെക്കുറിച്ച് നിർമാതാവിനുപോലും അറിയില്ല. അതൊരു പ്രത്യേകതയാണ്'- ജീത്തു ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |