ചെന്നൈ: ദളപതി വിജയ്‌യുടെ മകൻ ജേസൺ സഞ്ചയ് സിനിമാ ലോകത്തിനും ആരാധകർക്കും പുതുമുഖമല്ല. 2009ൽ തന്റെ പിതാവിന്റെ സിനിമയായ വേട്ടയ്ക്കാരനിലൂടെ ജേസൺ സിനിമാപ്രവേശനം നടത്തിയിരുന്നു. 23കാരനായ ജേസൺ മറ്റൊരു റോളിൽ സിനിമാമേഖലയിൽ എത്തുന്നുവെന്നത് വീണ്ടും വാർത്തകളിൽ നിറയുകയാണ്. സിനിമാ സംവിധായകനായി ജേസൺ തിരികെയെത്തുന്നുവെന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ താരപുത്രന്റെ ആദ്യ സിനിമയിലെ നായകനെക്കുറിച്ചുള്ള വിവരമാണ് എത്തുന്നത്.
ജേസണിന്റെ കന്നിചിത്രത്തിന്റെ നിർമാണം ഏറ്റെടുക്കുമെന്ന് ലൈക്ക പ്രൊഡക്ഷൻസ് കഴിഞ്ഞ ഓഗസ്റ്റിൽ അറിയിച്ചിരുന്നു. തങ്ങൾക്ക് ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടുവെന്നും ലൈക്ക വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ നായക വേഷത്തിൽ വിക്രമിന്റെ മകനും നടനുമായ ദ്രുവ് വിക്രം എത്തുമെന്നായിരുന്നു തുടക്കത്തിൽ അഭ്യൂഹങ്ങളുണ്ടായിരുന്നത്. പിന്നീട് വിജയ് സേതുപതിയുടെ പേരും ഉയർന്നുവന്നു. ഇപ്പോഴിതാ ചിത്രത്തിൽ ലീഡ് റോളിലെത്തുക ദുൽഖർ സൽമാൻ ആണെന്നാണ് പുതിയ വിവരം.
We are beyond excited 🤩 & proud 😌 to introduce #JasonSanjay in his Directorial Debut 🎬 We wish him a career filled with success & contentment 🤗 carrying forward the legacy! 🌟#LycaProductionsNext #JasonSanjayDirectorialDebut @SureshChandraa @DoneChannel1 @gkmtamilkumaran… pic.twitter.com/wkqGRMgriN
— Lyca Productions (@LycaProductions) August 28, 2023
സംവിധായകൻ ശങ്കറിന്റെ മകൾ അതിഥി നായികവേഷത്തിലെത്തുമെന്നും വിവരമുണ്ട്. ചിത്രത്തിൽ സംഗീതം ഒരുക്കുക എ ആർ റഹ്മാന്റെ മകൻ എ ആർ അമീൻ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ടൊറന്റോ ഫിലിം സ്‌കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ബിരുദം നേടിയതിനുശേഷമാണ് ജേസൺ സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ലണ്ടനിൽ നിന്ന് തിരക്കഥ രചനയിൽ ബിരുദവും സ്വന്തമാക്കി. ജേസൺ സഞ്ചയ് അഭിനയത്തിലൂടെ സിനിമാരംഗത്ത് എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. സുധ കൊങ്കര, അൽഫോൺസ് പുത്രൻ അടക്കമുള്ള സംവിധായകർ ജേസണെ സമീപിച്ചിരുന്നെങ്കിലും തനിക്ക് സംവിധാനത്തിലാണ് താത്‌പര്യമെന്ന് ജേസൺ വ്യക്തമാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |