മലയാള സിനിമയിൽ ഇപ്പോഴും ഒരുപോലെ തിളങ്ങിനിൽക്കുന്ന അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുൽഖർ സൽമാനും. എന്നാൽ ഇവരുടെ വ്യക്തിജീവിതത്തെയും സിനിമാജീവിതത്തെയും ബാധിക്കുന്ന തരത്തിലുളള ചില പ്രശ്നങ്ങൾ അടുത്തിടെയുണ്ടായി. ദുൽഖർ സൽമാന്റെ സിനിമാനിർമാണ കമ്പനിയുടേയും അഭിനയത്തിന്റേയും പേരിൽ നിരവധി വിവാദങ്ങളും ഉയർന്നിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് ദുൽഖറിന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്.
'ദുൽഖർ സൽമാന്റെ വ്യക്തിജീവിതത്തെയും സിനിമാജീവിതത്തെയും കളങ്കപ്പെടുത്തുന്ന തരത്തിലുളള നിരവധി സംഭവങ്ങളാണ് അടുത്തിടെയുണ്ടായത്. തന്റെ പിതാവും നടനുമായ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥ ദുൽഖറിനെ വളരെയധികം വിഷമിപ്പിച്ചിരുന്നു. മമ്മൂട്ടി ആരോഗ്യം വിണ്ടെടുത്ത് തിരികെയെത്തി അഭിനയം തുടർന്നിരിക്കുകയാണ്. കാര്യങ്ങൾ വളരെ ശ്രദ്ധിച്ച് പെരുമാറുന്നയാളാണ് മമ്മൂട്ടി. ദുൽഖറും അങ്ങനെത്തന്നെയാണ്. എന്നിട്ടും ദുൽഖറിനെതിരെ പല വിവാദങ്ങളും ഉയർന്നിട്ടുണ്ട്.
ദുൽഖർ നിർമിച്ച സിനിമയായിരുന്നു വരനെ ആവശ്യമുണ്ടെന്ന സുരേഷ്‌ഗോപി ചിത്രം. അതിൽ സുരേഷ്‌ഗോപി തന്റെ വളർത്തുനായയെ പ്രഭാകരായെന്നാണ് വിളിക്കുന്നത്. ഈ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തപ്പോൾ ദുൽഖറിനെതിരെ തമിഴ്നാട്ടിൽ വലിയതരത്തിലുളള സൈബർ ആക്രമണങ്ങൾ ഉണ്ടായി. തമിഴ് വംശജനും എൽടിടി ലീഡറുമായിരുന്ന വേലുപ്പിള്ള പ്രഭാകരനെ പരിഹസിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്നായിരുന്നു ആരോപണം. ചില തമിഴ് സിനിമാതാരങ്ങളും ദുൽഖറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
നടി നിത്യാ മേനോനുമായുളള സൗഹൃദത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുളള ഗോസിപ്പുകളും വർഷങ്ങൾക്ക് മുൻപ് ഉയർന്നിരുന്നു. ദുൽഖറും നിത്യയും പ്രണയത്തിലാണെന്നായിരുന്നു അന്നുപുറത്തുവന്ന വാർത്തകൾ. അതിന് മറുപടിയുമായി നിത്യ രംഗത്തെത്തിയിരുന്നു. ദുൽഖർ തന്റെ അടുത്ത സുഹൃത്താണെന്നും ഭാര്യയെയും മകളെയും കുറിച്ചാണ് ദുൽഖർ കൂടുതൽ തന്നോട് സംസാരിക്കാറുളളതെന്നാണ് നിത്യ പറഞ്ഞത്. ഗോസിപ്പുകളിൽ ഒരു ശതമാനം പോലും സത്യമില്ലെന്നും നിത്യ പറഞ്ഞു.
ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട കേസുകളിലും ദുൽഖർ അകപ്പെട്ടിരുന്നു. മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരം ഏറ്റുവാങ്ങുന്ന അതേ ദിവസം തന്നെയാണ് മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മിന്നൽ പരിശോധന നടത്തിയത്. ഇത് മമ്മൂട്ടിയെ സ്‌നേഹിക്കുന്നവർക്ക് ദുഃഖം പകരുന്ന വാർത്തയായിരുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |