
കരിയറിൽ ഏറ്റവും മികച്ച നിലയിൽ നിൽക്കുമ്പോഴാണ് ബോളിവുഡ് താരമായ സന ഖാൻ അഭിനയരംഗത്ത് നിന്നും പിന്മാറുന്നതായി പ്രഖ്യാപിച്ചത്. 2020ലെ കൊവിഡ് സമയത്താണ് തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതായി താരം പ്രഖ്യാപനം നടത്തിയത്. ജീവിതത്തിൽ ഇനിമുതൽ ആത്മീയതയ്‌ക്ക് പ്രാധാന്യം നൽകാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പിന്നാലെയായിരുന്നു മതപുരോഹിതനായ മുഫ്‌തി അനസ് സയ്യിദുമായുള്ള സനയുടെ വിവാഹം.
ഇപ്പോഴിതാ സിനിമയിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെപ്പറ്റിയും വിവാഹ ജീവിതത്തെപ്പറ്റിയും തുറന്നുസംസാരിക്കുകയാണ് താരം. ആരും തന്നെ ബ്രെയിൻ വാഷ് ചെയ്‌തിട്ടല്ല സിനിമാ ജീവിതം ഉപേക്ഷിച്ച് ആത്മീയ പാതയിലേക്ക് നീങ്ങിയതെന്നും അത് തന്റെ മാത്രം തീരുമാനമായിരുന്നെന്നും താരം പറഞ്ഞു. ജീവിതത്തിൽ സമാധാനം നേടുന്നതിനായാണ് അത്തരം തീരുമാനം എടുത്തതെന്നും ഭർത്താവ് അതിലേക്ക് നയിക്കുക മാത്രമാണ് ചെയ്‌തതെന്നും നടി റഷാമി ദേശായിയുമായുള്ള അഭിമുഖത്തിൽ താരം പറഞ്ഞു.
'അതീവ രഹസ്യമായിട്ടായിരുന്നു ഞങ്ങളുടെ വിവാഹം ഉറപ്പിച്ചത്. മാതാപിതാക്കൾക്ക് മാത്രം അറിയുന്ന കാര്യമായിരുന്നു. വരന്റെ പേരു പോലും ആർക്കും അറിയുമായിരുന്നില്ല. കൈകളിൽ മൈലാഞ്ചിയിടുന്ന സമയത്ത് മെഹന്ദി ആർട്ടിസ്‌റ്റ് എന്നോട് വരന്റെ പേര് ചോദിച്ചു. വരന്റെ പേര് പിന്നീട് എഴുതാമെന്നും ഇപ്പോൾ ആ ഭാഗം ഒഴിച്ചിട്ടോളാനും ഞാൻ അവരോടു പറഞ്ഞു. അക്കാലത്ത് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ഞാൻ തികച്ചും വ്യത്യസ്‌തയായ മറ്റൊരാളായി മാറുകയായിരുന്നു. ഇതൊന്നും എന്റെ ഭർത്താവിന്റെ പ്രശ്‌നമല്ല. എനിക്കു വേണ്ടി ഞാൻ തന്നെ മാറിയതാണ്. അദ്ദേഹം ആ പാതയിലേക്ക് എന്നെ നയിച്ച ഒരാൾ മാത്രമാണ്. ആരും എന്നെ ബ്രെയിൻ വാഷ് ചെയ്‌തില്ല. എനിക്കു സമാധാനം വേണമായിരുന്നു.
ഒരാൾക്ക് പേരും പ്രശസ്‌തിയും പണവും പ്രതാപവും ഉണ്ടാകാം. പക്ഷേ, ആന്തരികമായ സമാധാനം ലഭിക്കണമെന്നില്ല. എന്റെ ചുറ്റുപാടുകൾ തീരുമാനത്തെ ബാധിച്ചെന്നാണ് ചിലർ പറയുന്നത്. കാലം കടന്നുപോയപ്പോൾ ഞാൻ ചില കാര്യങ്ങൾ മനസിലാക്കി. അതുകൊണ്ടു തന്നെ അദ്ദേഹവുമായുള്ള ബന്ധം എനിക്ക് മൂല്യവത്താണ്. ഇതിലും മികച്ച ഭർത്താവിനെ എനിക്കു കിട്ടില്ലെന്ന് ഞാൻ അദ്ദേഹത്തോട് തന്നെ പറയാറുണ്ട്. ഏറെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അതെങ്കിലും മുന്നോട്ട് പോകാൻ തന്നെ ഞാൻ ഉറപ്പിച്ചു'- സന പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |