ആസിഫ് അലിയെ നായകനാക്കി താമർ കെ. സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ പ്രഭ. ഫീൽഗുഡ് എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും. 1001 നുണകൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രവാസി മലയാളിയായ സംവിധായകനാണ് താമർ. ഒ.ടി.ടി റിലീസായി എത്തിയ 1001 നുണകൾ മികച്ച അഭിപ്രായം നേടിയിരുന്നു. പൂർണമായും യുഎഇയിൽ ചിത്രീകരിച്ച ചിത്രമായിരുന്നു 1001 നുണകൾ. ആസിഫ് അലി ചിത്രത്തിൽ ലൊക്കേഷനുകളിൽ ദുബായ്‌യുമുണ്ട്. ആദ്യമായാണ് ആസിഫ് അലി ചിത്രത്തിൽ ദിവ്യപ്രഭ അഭിനയിക്കുന്നത്. ലോക്‌പാൽ സിനിമയിലൂടെ അഭിനയരംഗത്തേക്കു വന്ന ദിവ്യ പ്രഭ, തമാശ, അറിയിപ്പ്, മാലിക് എന്നീ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 30 വർഷത്തിനിടെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ച ആദ്യ ഇന്ത്യൻ സിനിമയായ ഓൾ വീ ഇമാജിൻ ആസ് ലൈറ്ര് ദിവ്യപ്രഭയുടെ കരിയറിൽ വഴിത്തിരിവായി. അതേസമയം തലവൻ, കിഷ്‌കിന്ധാ കാണ്ഡം എന്നീ ചിത്രങ്ങളുടെ വമ്പൻ വിജയം ആസിഫ് അലിയുടെ കരിയർ മാറ്റിവരച്ചു. ഓണം റിലീസായി എത്തിയ കിഷ്‌കിന്ധാ കാണ്ഡം ആഗോളതലത്തിൽ 75 കോടി കടന്നു. ആസിഫ് അലിയുടെ കരിയറിൽ ആദ്യമായി 50 കോടി കടന്ന ചിത്രം കൂടിയാണ് കിഷ്‌കിന്ധാ കാണ്ഡം. ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രം ആണ് റിലീസിന് ഒരുങ്ങുന്ന ആസിഫ് അലി ചിത്രം. ജനുവരിയിൽ രേഖാചിത്രം റിലീസ് ചെയ്യും. നവാഗതനായ സേതുനാഥ് പദ്‌മകുമാർ രചനയും സംവിധാനവും നിർവഹിക്കുന്ന ആഭ്യന്തര കുറ്റവാളി പൂർത്തിയാക്കിയ ആസിഫ് അലി ടിക്കി ടാക്കയുടെ തുടർ ചിത്രീകരണത്തിൽ നവംബർ മദ്ധ്യത്തിൽ പങ്കെടുക്കും. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കിടാക്ക ആക്ഷൻ പാക്കഡാണ്. പുതുവർഷത്തിൽ തരുൺ മൂർത്തി ചിത്രമാണ് ആസിഫ് അലിയെ കാത്തിരിക്കുന്നത്. നടൻ ബിനുപപ്പു ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്. ആഷിഖ് ഉസ്‌മാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |