
നടൻ ശ്രീനിവാസന്റെ വിയോഗത്തിന് ശേഷമുള്ള ആദ്യ വിവാഹവാർഷിക ദിനത്തിൽ വിങ്ങുന്ന ഓർമ്മകളുമായി കുടുംബം. ശ്രീനിവാസന്റെയും ഭാര്യ വിമലയുടേയും വിവാഹവാർഷിക ദിനമായ ജനുവരി 13ന്, സംവിധായകനും ഭാര്യാസഹോദരനുമായ എം മോഹനൻ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ശ്രീനിവാസനും വിമലയും ഒന്നിച്ചുള്ള മനോഹര ചിത്രം പങ്കുവച്ചാണ് മോഹനൻ ആ പഴയ കാലത്തെ ഓർത്തെടുത്തത്. ആഡംബരങ്ങളില്ലാത്ത, നിലവിളക്കിന്റെ വെളിച്ചമോ ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാത്ത വിവാഹത്തെക്കുറിച്ചാണ് മോഹനന്റെ കുറിപ്പ്.
'ഇന്നാണ് ആ ദിവസം, ജനുവരി 13. മമ്മൂക്കയും ഇന്നസെന്റേട്ടനും കൊടുത്ത കാശു കൊണ്ട്, ഫോട്ടോഗ്രാഫറോ വിഡിയോ ഗ്രാഫറോ ഇല്ലാതെ, നിലവിളക്കിന്റെ വെളിച്ചമോ ചന്ദനത്തിരിയുടെ സുഗന്ധമോ ഇല്ലാതെ ഇവർ ഒരുമിച്ച് യാത്ര തുടങ്ങിയ ദിവസം. എല്ലാ യാത്രകളും ഇങ്ങനെയാണ്, എവിടെവച്ചെങ്കിലും ഏതെങ്കിലും ഒരാൾ പെട്ടെന്നങ്ങ് പോകും.' മോഹനൻ കുറിച്ചു.
മദ്രാസിൽ ഭാഗ്യം തേടി അലയുന്ന കാലത്തായിരുന്നു ശ്രീനിവാസന്റെയും വിമലയുടെയും വിവാഹം. അയൽവാസി കൂടിയായിരുന്ന വിമലയോട് മനസിൽ പ്രണയമുണ്ടായിരുന്നെങ്കിലും, സ്ഥിരവരുമാനമില്ലാത്ത തന്റെ ജീവിതത്തിലേക്ക് അവരെ ക്ഷണിക്കാൻ ശ്രീനിവാസൻ മടിച്ചിരുന്നു. എന്നാൽ വിമലയുടെ ഉറച്ച തീരുമാനത്തിന് മുന്നിൽ ശ്രീനിവാസൻ കീഴടങ്ങുകയായിരുന്നു.
ജനുവരി 12ന് നിശ്ചയിച്ചിരുന്ന വിവാഹം രജിസ്റ്റർ ഓഫീസിലെ തിരക്ക് കാരണം 13ലേക്ക് മാറ്റി. 13 ഒരു നിർഭാഗ്യ സംഖ്യയാണെന്ന് പറഞ്ഞ് പലരും നിരുത്സാഹപ്പെടുത്തിയെങ്കിലും, പിന്നീട് ശ്രീനിവാസൻ മലയാള സിനിമയുടെ ഉന്നതിയിലേക്ക് വളരുന്നതിനാണ് കേരളം സാക്ഷ്യം വഹിച്ചത്. വിമല ജീവിതത്തിലേക്ക് വന്ന ശേഷമാണ് അദ്ദേഹം നടനായും തിരക്കഥാകൃത്തായും സംവിധായകനായുമെല്ലാം തിളങ്ങിയത്.

ശ്രീനിവാസന്റെ അവസാന നാളുകളിൽ അദ്ദേഹത്തിന് തണലായി നിന്നത് ഭാര്യ വിമലയായിരുന്നു. 'ഈ ബന്ധത്തിന്റെ ഊഷ്മളത ശ്രീനിയേട്ടന്റെ അവസാന നാളുകളിൽ എല്ലാവരും കണ്ടതാണ്. എത്ര കരുലോടെയാണ് അവർ ആ കടമ നിർവഹിച്ചത്,' എന്നാണ് മോഹനന്റെ പോസ്റ്റിന് താഴെ ആരാധകർ കമന്റ് ചെയ്യുന്നത്. ശ്രീനിവാസൻ തിരക്കഥയെഴുതിയ 'ഉദയനാണ് താരം' രാഹുകാലത്ത് ഷൂട്ടിംഗ് തുടങ്ങി വിജയിപ്പിച്ചതും 13ാം തീയതി വിവാഹം കഴിച്ച് ജീവിതം വിജയിപ്പിച്ചതുമെല്ലാം അന്ധവിശ്വാസങ്ങൾക്കെതിരെ അദ്ദേഹം നടത്തിയ നിശബ്ദമായ പോരാട്ടങ്ങളായിരുന്നു. 2025 ഡിസംബർ 20നായിരുന്നു മലയാളികളുടെ ബഹുമുഖ പ്രതിഭയായ ശ്രീനിവാസൻ വിട പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |