പത്തൊമ്പതാം നൂറ്റാണ്ട് തിരുവോണദിവസം
ഗോൾഡ്, ഒരു തെക്കൻ തല്ലുകേസ്, പടവെട്ട്, ഒറ്റ് പാൽതു ജാൻവർ എന്നിവയാണ് മറ്റ് ചിത്രങ്ങൾ
മമ്മൂട്ടി , മോഹൻലാൽ ചിത്രങ്ങൾ റിലീസ് ചെയ്യാത്ത ഒാണക്കാലമായിരിക്കും ഇത്തവണ. മമ്മൂട്ടിയുടെ റോഷാക്ക് ഒാണം റിലീസ് ലക്ഷ്യമിട്ടിരുന്നെങ്കിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ ഒാണത്തിന് എത്തില്ല . മോഹൻലാൽ ചിത്രം മോൺസ്റ്റർ ഒാണത്തിന് എത്തുമെന്ന് ഉറപ്പിച്ചെങ്കിലും പൂജ റിലീസിലേക്ക് മാറുകയും ചെയ്തു.
കൊവിഡിനെത്തുടർന്ന് രണ്ട് ഒാണക്കാലം മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടിരുന്നെങ്കിൽ ഇത്തവണ അതിനു മാറ്റമുണ്ട്. ആറു ചിത്രങ്ങൾ ഒാണക്കാലത്ത് റിലീസ് ചെയ്യും. വിനയൻ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്രാണ്ട്,പൃഥ്വിരാജിന്റെ ഗോൾഡ്, നിവിൻ പോളിയുടെ പടവെട്ട്, കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ചിത്രം ഒറ്ര്, ബിജുമേനോൻ ചിത്രം ഒരു തെക്കൻ തല്ലുകേസ്, ബേസിൽ ജോസഫ് നായകനായ പാൽതു ജാൻവർ എന്നിവയാണ് ഒാണച്ചിത്രങ്ങൾ.
ചരിത്ര നായകനായ ആറാട്ടുപ്പുഴ വേലായുധപ്പണിക്കരുടെ പോരാട്ടത്തിന്റെ കഥ പറയുന്ന പത്തൊമ്പതാം നൂറ്റാണ്ടിൽ സിജു വിത്സൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. വൻതാരനിര അണിനിരക്കുന്നുണ്ട്. ഒാണച്ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രവും പത്തൊമ്പതാം നൂറ്റാണ്ടാണ്. ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമ്മാണം.തമിഴ്, തെലുങ്ക്, കന്നട , ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് പത്തൊമ്പതാം നൂറ്റാണ്ട് സെപ്തംബർ 8ന് എത്തുന്നത്. പ്രേമം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം അൽഫോൻസ് പുത്രൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഗോൾഡ് എന്ന ചിത്രത്തിൽ പൃഥ്വിരാജും നയൻതാരയും ആണ് നായകനും നായികയും.വിനയ് ഫോർട്ട്, അജ് മൽ അമീർ, അബുസലിം, സൈജുകുറുപ്പ്, ശബരീഷ് വർമ്മ, കൃഷ്ണശങ്കർ, ഷറഫുദ്ദീൻ, ദീപ്തി സതി, മല്ലിക സുകുമാരൻ, ശാന്തികൃഷ്ണ, ജഗദീഷ്, പ്രേംകുമാർ, സുരേഷ് കൃഷ്ണ, ഇടവേള ബാബു, ചെമ്പൻ വിനോദ്, റോഷൻ മാത്യു, ബാബുരാജ് തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗും സ്റ്റണ്ടും വിഷ്വൽ ഇഫക്ട്സും അനിമേഷനും കളർഗ്രേഡിങ്ങും അൽഫോൻസ് തന്നെയാണ് നിർവഹിക്കുന്നത്. നിവിൻപോളിയെ നായകനാക്കി സണ്ണിവയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സണ്ണി വയ്ൻ നിർമ്മിക്കുന്ന പടവെട്ട് നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്നു.
അരുവി എന്ന ചിത്രത്തിലൂടെ തമിഴകത്തും കോൾഡ് കേസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്കും എത്തിയ അദിതി ബാലൻ ആണ് നായിക. ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, വിജയരാഘവൻ, കൈനകരി തങ്കരാജ്, ബാലൻ പാറയ്ക്കൽ എന്നിവരാണ് മറ്റു താരങ്ങൾ.കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി എന്നിവരെ നായകൻമാരാക്കി ടി.പി ഫെല്ലിനി തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം ആണ് ഒറ്റ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കുശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷറോഫും പ്രധാന വേഷത്തിൽ എത്തുന്നു. തെലുങ്ക് താരം ഇൗഷ റബ ആണ് നായിക. എസ്. സജീവ് രചന നിർവഹിക്കുന്നു.
ദി ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് താരം ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് നിർമ്മാണം.
ബിജു മേനോൻ നായകനാവുന്ന ഒരു തെക്കൻ തല്ലു കേസ്ആണ് മറ്റൊരു ഒാണചിത്രം. ഇടവേളയ്ക്കുശേഷം പത്മപ്രിയ നായികയായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രശസ്ത എഴുത്തുകാരൻ ജി.ആർ. ഇന്ദുഗോപന്റെ അമ്മിണി പിള്ള വെട്ടുകേസ് എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം നവാഗതനായ ശ്രീജിത്ത് എൻ. സംവിധാനം ചെയ്യുന്നു.രാജേഷ് ചിന്നാടൻ ആണ് തിരക്കഥ സംഭാഷണം. റോഷൻ മാത്യു, നിമിഷ സജയൻ എന്നിവരാണ് മറ്റു താരങ്ങൾ. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.
-ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന പാൽതു ജാൻവർ എന്ന ചിത്രത്തിൽ മോളിക്കുട്ടി എന്ന് പേരിട്ട പശു ആണ് ചിത്രത്തിലെ നായിക. ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ഷമ്മി തിലകൻ, ജോണി ആന്റണി, ഉണ്ണിമായ പ്രസാദ്, ജയകുറുപ്പ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.വിനോയ് തോമസ് ,-അനീഷ് അഞ്ജലി എന്നിവർ ചേർന്നാണ് രചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |