മനോഹരമായ ക്ളിക്കുകളുടെ രാജാവു തന്നെയായിരുന്നു നിശ്ചല ഛായാഗ്രഹകൻ സുനിൽ ഗുരുവായൂർ. സ്വന്തം മേഖലയിൽ കൈയൊപ്പ് പതിപ്പിച്ച കലാകാരൻ. ഷാജി കൈലാസ് - രഞ്ജി പണിക്കർ, ഷാജി കൈലാസ് - രഞ്ജിത് കൂട്ടുകെട്ടിൽ പിറന്ന മാസ് ചിത്രങ്ങളാണ് സുനിൽ ഗുരുവായൂർ എന്ന നിശ്ചല ഛായാഗ്രാഹകനെ ശ്രദ്ധേയനാക്കിയത്. നവാഗത സംവിധായകർ സുനിൽ ഗുരുവായൂരിനെ തങ്ങളുടെ ചിത്രത്തിന്റെ നിശ്ചല ഛായാഗ്രാഹകനായി നിയോഗിച്ച കാലം ഉണ്ടായിരുന്നു. ഡോക്ടർ പശുപതിയിൽ നിന്നാണ് ഷാജി കൈലാസ് ചിത്രങ്ങളിൽ സുനിൽ ഗുരുവായൂർ എത്തുന്നത്. മാഫിയ, സ്ഥലത്തെ പ്രധാന പയ്യൻസ്, മഹാത്മ, ആറാം തമ്പുരാൻ, ദി ട്രൂത്ത്, വല്യേട്ടൻ, നരസിംഹം, നാട്ടുരാജാവ്, സിംഹാസനം എന്നീ ഷാജി കൈലാസ് ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹണം നിർവഹിച്ചു .ചന്ദ്രോത്സവം, പ്രജാപതി ,രാവണപ്രഭു, എന്നിവയാണ് ശ്രദ്ധേയമായ രഞ്ജിത് ചിത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങളുടെ പിന്നിൽ പ്രവർത്തിച്ചു. ആ സിനിമകൾ പ്രേക്ഷകരെ ആവേശഭരിതരാക്കുന്നതിൽ സുനിൽ ഗുരുവായൂരിന്റെ ചിത്രങ്ങൾ വലിയ പങ്കുവഹിച്ചു.
ഞാൻ ഗന്ധർവ്വൻ, പാവക്കൂത്ത്, സോപാനം, കാലാൾപ്പട, കുടുംബവിശേഷം, ഹൈവേ, നിറം, കുഞ്ഞിക്കൂനൻ ,പാണ്ടിപ്പട, മേരിക്കൊണ്ടൊരു കുഞ്ഞാട് ഉൾപ്പെടെ നൂറിലധികം ചിത്രങ്ങൾക്ക് നിശ്ചല ഛായാഗ്രഹണം നിർവഹിച്ചു. ഭരതൻ സംവിധാനം ചെയ്ത വൈശാലിയിലൂടെയാണ് സിനിമയിൽ എത്തുന്നത്. സുഗീത് സംവിധാനം ചെയ്ത ഒന്നുമിണ്ടാതെ ആണ് അവസാനംനിശ്ചലഛായാഗ്രഹണം നിർവഹിച്ച ചിത്രം . ഫോട്ടോഗ്രാഫർ എന്നത് അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷൻ സഹായിയും പുതിയ ഒരു സംവിധായകന് ധൈര്യം കൊടുക്കുന്ന ആളും ഒക്കെയാണ് എന്നു പാസഞ്ചർ ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് മനസിലാക്കി തന്ന വലിയ എളിയ മനുഷ്യനായിരുന്നു സുനിൽ ഗുരുവായൂർ എന്ന് സംവിധായകൻ രഞ്ജിത് ശങ്കർ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |