തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എതിരാളികൾ പോലും സ്നേഹത്തോടെ കണ്ട വ്യക്തിയാണ് സീതാറാം എന്നാണ് അദ്ദേഹം പറഞ്ഞത്. പാർട്ടി കേന്ദ്രത്തെ ഉദ്ദരിച്ചുകൊണ്ട് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണനും യെച്ചൂരിക്ക് പ്രണാമം അർപ്പിച്ചു.
സീതാറാം യെച്ചൂരി വിടപറഞ്ഞു എന്ന അത്യന്തം ദുഃഖകരമായ വാർത്തയാണ് ഇപ്പോഴറിഞ്ഞത്. വിദ്യാർത്ഥി ജീവിതത്തിലൂടെ തന്റെ പൊതു പ്രവർത്തനം ആരംഭിച്ച വ്യക്തിയാണ് അദ്ദേഹം. അന്നുമുതൽ രാജ്യം ശ്രദ്ധിക്കുന്ന പൊതു പ്രവർത്തകനായി സീതാറാം മാറി. എല്ലാ മേഖലയിലും നല്ല ബന്ധം പുലർത്തിയ കമ്മ്യൂണിസ്റ്റ് നേതാവ്. കമ്മ്യൂണിസ്റ്റ് എതിരാളികൾ പോലും സ്‌നേഹത്തോടെയാണ് സീതാറാമിനെ കണ്ടിരുന്നത്. പാർട്ടിയെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖകരമാണ്. അങ്ങേയറ്റം ഹൃദയഭാരത്തോടെ അദ്ദേഹത്തിന്റെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ടിപി രാമകൃഷ്‌ണൻ പറഞ്ഞത്:
സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. സഖാവ് ഇഎംഎസ്, എകെജി, സൂർജിത്, ജ്യോതി ബസു തുടങ്ങിയ നേതാക്കളോടൊപ്പം വിവിധ കാലയളവിൽ സിപിഎമ്മിന്റെ നേതൃത്വ പദവിയിൽ പ്രവർത്തിക്കാൻ യെച്ചൂരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇഎംഎസിന്റെ ശിക്ഷണത്തിൽ ആശയ രംഗത്ത് ചരിത്രപരമായ ദൗത്യം നിറവേറ്റാൻ മാർക്‌സിസം ലെനിനിസത്തിൽ കൂടി നിലപാടെടുക്കാൻ സഖാവ് സീതാറാമിന് കഴിഞ്ഞു.
പലപ്പോഴും കേരളത്തിൽ പാർട്ടിയുടെ നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. അദ്ദേഹം തിരുവനന്തപുരത്ത് എത്തിയാൽ താമസിക്കുന്നത് എകെജി സെന്ററിലാണ്. കേരളത്തിൽ ഇടതുപക്ഷ ജനാതിപത്യ മുന്നണിയെ സഹായിക്കാനും മുന്നോട്ടുള്ള പ്രയാണത്തിൽ നിർണായക പങ്ക് വഹിക്കാനും യെച്ചൂരി ശ്രമിച്ചിട്ടുണ്ട്. അങ്ങേയറ്റം ദുഃഖിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ മരണ വാർത്ത. അദ്ദേഹത്തിന്റെ ഭൗതികശരീരം എയിംസിന് വിട്ടുകൊടുക്കുന്ന നിലപാടാണ് സ്വീകരിക്കാൻ പോകുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയും യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ് യെച്ചൂരിയുടെ വിയോഗം എന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സുഹൃത്തിനെയാണ് യെച്ചൂരിയുടെ വേര്‍പാടോടെ നഷ്ടമായിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
'യെച്ചൂരിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ് എന്ന് അറിഞ്ഞിരുന്നു. സുഹൃത്തുക്കളോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ദിവസവും അന്വേഷിക്കാറുണ്ടായിരുന്നു. രണ്ട് മൂന്ന് ദിവസമായി കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങുന്നു എന്നാണ് മനസിലാക്കിയത്. അദ്ദേഹത്തിന്റെ വേര്‍പാട് ഇന്നത്തെ കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയത്തിനുണ്ടായ കനത്ത നഷ്ടമാണ്', ആന്റണി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |