നായൻതാരയ്ക്ക് പിന്നാലെ ധനുഷിനെതിരെ സംവിധായകൻ വിഘ്‌നേഷ് ശിവനും രംഗത്ത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലുടെയായിരുന്നു വിഘ്‌നോഷിന്റെ പ്രതികരണം. 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു-ഫിലിമിൽ നിന്ന് നീക്കാൻ ആവശ്യപ്പെട്ട വീഡിയോയും സംവിധായകൻ പങ്കുവച്ചിട്ടുണ്ട്.
'ഇതാണ് ആ 10 കോടിയുടെ ദൃശ്യങ്ങൾ. ഇതാണ് മാറ്റാൻ പറഞ്ഞത്. അത് സൗജന്യമായി കണ്ടോള്ളൂ' എന്ന ക്യാപ്ഷനും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. 10 കോടി ആവശ്യപ്പെട്ട് നടൻ ധനുഷ് അയച്ച വക്കീൽ നോട്ടീസും വിഘ്നേഷ് പങ്കുവച്ചു.
നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങാനിരിക്കുകയാണ്. നിർമാതാവായ ധനുഷ് എൻഒസി (നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ്) നൽകാത്തതിനാൽ 'നാനും റൗഡി താൻ' എന്ന സിനിമ തന്റെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താനായില്ലെന്നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നയൻതാര വിമർശിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് നയൻതാരയും വിഘ്‌നേഷ് ശിവനും പ്രണയത്തിലാവുന്നത്. ചിത്രത്തിന്റെ സംവിധാനം വിഘ്‌നേഷ് ശിവനും നിർമാതാവ് ധനുഷുമായിരുന്നു. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക.
'ചിത്രത്തിലെ പാട്ടുകളായിരുന്നു എന്റെ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ ഏറ്റവും മികച്ചത്. എന്നാൽ രണ്ടുവർഷത്തോളം അഭ്യർത്ഥിച്ചിട്ടും ധനുഷ് എൻഒസി നൽകാത്തതിനാൽ അത് ഉപേക്ഷിക്കേണ്ടി വന്നു. ചിത്രത്തിലെ പാട്ടുകളോ രംഗങ്ങളോ ഫോട്ടോഗ്രാഫുകളോ പോലും ഉപയോഗിക്കാൻ താങ്കൾ അനുമതി നിഷേധിച്ചു. നിങ്ങളുടെ വ്യക്തിപരമായ പകയാണ് ഇതിന് കാരണം.
ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തിറങ്ങിയതിനുശേഷം താങ്കളയച്ച വക്കീൽ നോട്ടീസ് ആണ് ഏറെ ഞെട്ടിച്ചത്. സിനിമയിലെ പിന്നണി ദൃശ്യങ്ങൾ അതും ഞങ്ങളുടെ ഉപകരണങ്ങളിൽ ഷൂട്ട് ചെയ്ത വെറും മൂന്ന് സെക്കന്റുകൾ മാത്രമുള്ള ദൃശ്യങ്ങൾ ഉപയോഗിച്ചതിന് നിങ്ങൾ പത്ത് കോടി രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. ഞങ്ങളിത് നിയമപരമായി തന്നെ നേരിടും.
ചിത്രം ഒരു വലിയ ബ്ളോക്ക്‌ബസ്റ്ററായത് നിങ്ങളുടെ ഈഗോയെ ബാധിച്ചു. ലോകത്തിന് മുന്നിൽ മുഖം മൂടി അണിഞ്ഞാണ് നിങ്ങൾ നടക്കുന്നത്. ലോകം എല്ലാവർക്കും ഉള്ളതാണ്. സിനിമ പാരമ്പര്യമില്ലാത്ത ഒരാൾ വലിയ വിജയങ്ങൾ നേടുന്നത് നല്ലതാണെന്ന് മനസിലാക്കണം, നിങ്ങൾക്കറിയാവുന്നവരും ജീവിത്തിൽ മുന്നോട്ട് വരട്ടെ'- എന്നായിരുന്നു നയൻതാര പോസ്റ്റിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |