പനാജി: വിനോദ്കുമാറിന് ഇത് നാലാം ഇഫിയാണ്. ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവം (ഇഫി ) റിപ്പോർട്ട് ചെയ്യാൻ രാജ്യത്തിനകത്തും പുറത്തുനിന്നും എത്തുന്ന മാധ്യമ പ്രവർത്തകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ്.ഗോവ പി.ഐ.ബിയിലെ ജോയിന്റ് ഡയറക്ടറാണ് തിരുവനന്തപുരം തിരുമല സ്വദേശി വിനോദ്കുമാർ. പത്രസമ്മേളനങ്ങളും പ്രസ് റിലീസുകളും തയ്യാറാക്കുക മാത്രമല്ല പി.ഐ.ബിയുടെ ജോലി.ശരിക്കു പറഞ്ഞാൽ ചലച്ചിത്രോത്സവം വിജയകരമാക്കുന്നതിലും മേളയുടെ പ്രചാരം കൂടുതൽ പേരിൽ എത്തിക്കുന്നതിലും നിർണായക പങ്കാണ് അവർ വഹിക്കുന്നത്.ഈ ദൗത്യം കഴിഞ്ഞ നാലുവർഷമായി സമർത്ഥമായി നിർവഹിക്കുന്ന വിനോദ് മാധ്യമ പ്രവർത്തകരുടെ ഉറ്റ സുഹൃത്തെന്ന പോലെ ഹൃദ്യമായി പെരുമാറുന്ന വ്യക്തിയാണ്.
തിരുവനന്തപുരം മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബി.ടെക് ഇലക്ട്രോണിക്സ് പാസായ വിനോദ് സിവിൽ സർവീസ് എഴുതി 2011 ൽ ഇന്ത്യൻ ഇൻഫർമേഷൻ സർവ്വീസിൽ പ്രവേശിച്ചു.അച്ഛൻ ബി.ദിനേശ് ഗൾഫിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അമ്മ വിജയകുമാരി.ഒരു സഹോദരിയുണ്ട്. വിനോദിന്റെ ഭാര്യ സീന ഇൻകംടാക്സ് ഇൻസ്പെക്ടറാണ്. കുഞ്ഞ് ആഗ്നേയിന് മൂന്നരവയസായി.സിനിമ ഇഷ്ടപ്പെടുന്ന വിനോദിന് ചലച്ചിത്രോത്സവത്തിന്റെ തിരക്കുകൾക്കിടയിൽ സിനിമ കാണാൻ സമയം ലഭിക്കാറില്ല. '' എല്ലാവരും,പ്രത്യേകിച്ച് മാധ്യമ പ്രവർത്തകർ നല്ലരീതിയിൽ സിനിമ കാണുന്നുണ്ടെന്നതാണ് സന്തോഷം."" വിനോദ്കുമാർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |