'പ്രോഗ്രസീവ് മലയാളം ഫിലിം മേക്കേഴ്‌സ് അസോസിയേഷനെക്കുറിച്ചുള്ള' കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തി സംവിധായകൻ ആഷിഖ് അബു. നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ ഫിലിം മേക്കേഴ്‌സ് ആണെന്നതാണ് തന്റെ കാഴ്ചപ്പാടെന്നും സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രാതിനിധ്യം ഉണ്ടാകുമെന്നും സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കുമെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ആഷിഖ് അബു വ്യക്തമാക്കി.
ആഷിഖ് അബുവിന്റെ വാക്കുകൾ
സിനിമയിലെ എല്ലാ വിഭാഗങ്ങളിലും പ്രവർത്തിക്കുന്നവർക്കായി പുരോഗമന ആശയങ്ങളിൽ ഊന്നിയ ഒരു സംഘടന എന്ന ആശയം നിരവധി സിനിമാപ്രവർത്തകർ ചർച്ച ചെയ്യുകയുണ്ടായി. Progressive Malayalam filmmakers Association എന്നതാണ് ആശയം.
സംഘടന ഔദ്യോഗികമായി നിലവിൽ വന്നതിനു ശേഷം മറ്റൊരു പേര് സ്വീകരിക്കണമെങ്കിൽ സ്വീകരിക്കും. നിർമാതാവ് മുതൽ പോസ്റ്റർ പതിപ്പിക്കുന്നവർ വരെ filmmakers ആണ് എന്നതാണ് കാഴ്ചപ്പാട്. സിനിമയിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഭരണ സമിതിയിൽ പ്രാതിനിധ്യം ഉണ്ടാകും. സംഘടന നിലവിൽ വന്നതിന് ശേഷം ജനാധിപത്യപരമായി നേതൃത്വത്തെ തീരുമാനിക്കും.
അതുവരെ ഒരു താത്കാലിക കമ്മിറ്റി പ്രവർത്തിക്കും. സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തോടെ memebership ക്യാമ്പയിൻ ആരംഭിക്കും. അതിനുശേഷമുള്ള തിരഞ്ഞെടുപ്പിലൂടെ സംഘടന പൂർണരൂപം പ്രാപിക്കും.
വാർത്തകളിൽ പ്രചരിക്കുന്ന കാര്യങ്ങൾ, സംഘടനയുടെ ആലോചനാഘട്ടത്തിൽ പുറത്തായ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ്. പൊതുവായ ആശയരൂപീകരണത്തിന് കൈമാറിയ കത്താണ് അനൗദ്യോഗികമായി പുറത്തായത്. ചർച്ചയിൽ പങ്കെടുത്ത ആളുകളുടെ പേരുകൾ ആ കത്തിൽ ഉണ്ടായിരുന്നത് കൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിക്കപ്പെട്ടു. ഇതുവരെ രൂപീകരിക്കാത്ത സംഘടനയിൽ' 'ഭാരവാഹികൾ' എന്ന പേരിൽ കത്തിൽ പേരുണ്ടായവരുടെ ചിത്രങ്ങൾ സഹിതം വാർത്തകൾ വരികയും ചെയ്തു. ഈ ഘട്ടത്തിൽ ഒരു ഔദ്യോഗിക വിശദീകരണം ആവശ്യമാണ് എന്നതിലാണ് ഈ അറിയിപ്പ്.
താത്കാലിക കമ്മറ്റിക്ക് വേണ്ടി
ആഷിഖ് അബു, രാജീവ് രവി, കമൽ കെ എം. അജയൻ അടാട്ട്.
Progressive Malayalam Filmmakers Association
Kochi.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |