തിരുവനന്തപുരം: പ്ളസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ പ്ളസ് ടു പരീക്ഷയ്ക്കൊപ്പം നടത്തുന്നതിൽ ആശങ്കയിൽ വിദ്യാർത്ഥികൾ. ഇംപ്രൂവ്മെന്റ് പരീക്ഷ പ്ളസ്‌വൺ പരീക്ഷാഫലം വന്ന് രണ്ടുമാസത്തിനകമാണ് നടത്തിയിരുന്നത്. ഇത്തവണ ടൈംടേബിൾ വന്നപ്പോൾത്തന്നെ പ്രതിഷേധമുണ്ടായെങ്കിലും തീരുമാനം പുനഃപരിശോധിക്കാൻ അധികൃതർ തയാറായില്ലെന്നാണ് പരാതി. പ്ളസ് വൺ ഫലത്തിന്റെ ഇംപ്രൂവ്മെന്റ് പ്ളസ് ടു പൊതുപരീക്ഷയ്ക്കൊപ്പം നടത്തുന്നത് കുട്ടികളുടെ മാനസികസമ്മർദ്ദം വർദ്ധിപ്പിക്കാനും റിസൾട്ട് താഴാനും ഇടയാക്കുമെന്ന് അദ്ധ്യാപകരും രക്ഷിതാക്കളും പറയുന്നു.
രാവിലെ നടത്തിയിരുന്ന ഹയർ സെക്കൻഡറി പൊതുപരീക്ഷ ഈ വർഷം ഉച്ചയ്ക്ക് ശേഷമാക്കിയതിനെതിരെയും ആക്ഷേപമുണ്ട്. പകൽ താപനില വളരെയധികം ഉയരുന്ന മാർച്ചിൽ ഉച്ചയ്ക്കുശേഷം പരീക്ഷയെഴുതേണ്ടിവരുന്നത് കുട്ടികൾക്ക് ക്ഷീണമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ.
മുൻവർഷത്തേത് പോലെ ഹയർ സെക്കൻഡറി മോഡലിന് ഒരു ദിവസം രണ്ട് പരീക്ഷ നടത്തുന്നതിനെതിരെയും പരാതിയുണ്ട്. ഒരുദിവസം രണ്ട് പരീക്ഷയ്ക്ക് തയാറെടുക്കേണ്ടിവരുന്നതും കുട്ടികൾക്ക് സമ്മർദ്ദമുണ്ടാക്കും.
ഫെബ്രുവരി 17 മുതൽ 21 വരെയാണ് പരീക്ഷ. രാവിലത്തെ പരീക്ഷ 9.30 നും ഉച്ചയ്ക്ക് ശേഷമുള്ളത് രണ്ട് മണിക്കുമാണ് ആരംഭിക്കുന്നത്.
.............................
അപ്രായോഗികമായ ടൈംടേബിൾ പിൻവലിക്കാത്തത് കുട്ടികളുടെ ഭാവിയെ പരിഗണിക്കാത്തതുകൊണ്ടാണ്. തീരുമാനം പുനഃപരിശോധിക്കണം.
കെ. അബ്‌ദുൾ മജീദ്
ജനറൽ സെക്രട്ടറി
കെ.പി.എസ്.ടി.എ
.............................
ക്യു.ഐ.പി യിൽ ഹയർ സെക്കൻഡറി അദ്ധ്യാപക സംഘടനകളില്ലാത്തതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടാകുന്നത്.
എസ്.മനോജ്
ജനറൽ സെക്രട്ടറി
എ.എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |