തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകളുടെ സിലബസ് സർവകലാശാലാ തലത്തിൽ അവലോകനം ചെയ്യുമെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
സർവകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കും. കോഴ്സുകളുടെ ഗുണനിലവാരവും, വിദ്യാർത്ഥികൾ ആർജ്ജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവയും ഉറപ്പു വരുത്താനാണ് സിലബസ് അവലോകനം. കോഴ്‌സുകൾ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ പരിശോധിക്കും. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം. ഇവ പഠനബോർഡുകൾ പരിഗണിക്കുമെന്നും നാലുവർഷ ബിരുദം അവലോകനം ചെയ്യാനുള്ള യോഗത്തിൽ മന്ത്രി പറഞ്ഞു.കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ പ്രധാനപ്പെട്ട കോഴ്സുകളുടെ അവലോകനം നടത്തും. നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിർണ്ണയ രീതികളിൽ മാറ്റങ്ങളുണ്ടാവും. ഇതിന് അനുസരിച്ച് സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്ക് പരിശീലനം നൽകും. വിദ്യാർത്ഥികളുടെ അന്തർസർവ്വകലാശാലാ-കോളേജ് മാറ്റം, എൻ മൈനസ് വൺ സെമസ്റ്റർ, ഓൺലൈൻ കോഴ്സുകൾ എന്നിവ നടപ്പിലാക്കുന്നതു സംബന്ധിച്ച് നടപടിക്രമം തയ്യാറാക്കും. എല്ലാ സർവ്വകലാശാലകളിലും കെ-റീപ്പ് സോഫ്‌റ്റ്‌വെയർ സംവിധാനം നടപ്പാക്കും. യോഗത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, സർവകലാശാലാ വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പരീക്ഷാ കൺട്രോളർമാർ, സിൻഡിക്കേറ്റ് അംഗങ്ങൾ, എഫ്.വൈ.യു.ജി.പി കമ്മിറ്റി പ്രതിനിധികൾ, ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |