കൊച്ചി: പുലിപ്പല്ല് കേസിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരായി എടുത്ത നടപടി ശരിയല്ലെന്ന് റാപ്പർ വേടൻ. സിസ്റ്റം ചെയ്ത തെറ്റിന് വ്യക്തികളെ കുറ്റക്കാരാക്കുന്നത് പോലെ തോന്നിയെന്നും ഒരാളെ ശിക്ഷിക്കുന്നത് ശരിയല്ലെന്നും വേടൻ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട് ഇന്ന് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്തിയപ്പോഴായിരുന്നു പ്രതികരണം. വേടനെതിരായ കേസിൽ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറെ സ്ഥലം മാറ്റിയിരുന്നു.
'അത് ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ മാത്രമല്ല, വേട്ടയാടൽ നിരന്തരമായി ഞാൻ നേരിട്ടിരുന്ന കാര്യമാണ്. അത് ജീവിതകാലം മുഴുവൻ ഉണ്ടാകും. പുതിയ കാര്യമൊന്നുമല്ല',- വേടൻ വ്യക്തമാക്കി.
വേടൻ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് മുൻപാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസർ അധീഷീനെ മലയാറ്റൂർ ഡിവിഷന് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. വനം മന്ത്രി എകെ ശശീന്ദ്രനാണ് സ്ഥലം മാറ്റിയത്. പ്രതിക്ക് ശ്രീലങ്കൻ ബന്ധമുണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്മെന്റുകൾ അന്വേഷണ മദ്ധ്യേ മാദ്ധ്യമങ്ങളിൽ വെളിപ്പെടുത്തിയത് ശരിയല്ല. വകുപ്പുതല അന്വേഷണത്തിന് വിധേയമായിട്ടാണ് സ്ഥലം മാറ്റം. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വനം മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വേടനെതിരെ വനംവകുപ്പെടുത്ത കേസ് പിൻവലിക്കണമെന്നും വേടന്റെ മാതാവിനെ ചൂണ്ടിക്കാട്ടി ശ്രീലങ്കൻ പരാമർശത്തിലൂടെ വംശീയ അധിക്ഷേപം നടത്തിയ കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ,സെക്രട്ടറി ഡോ.വിനീത വിജയൻ എന്നിവർ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |