
കൊല്ലം: തീരത്തുനിന്ന് 125 നോട്ടിക്കൽ മൈൽ അകലെ ഇന്ത്യൻ മഹാസമുദ്രത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന കൊല്ലം നീണ്ടകരയിൽ നിന്നുള്ള ആറു ബോട്ടുകൾക്കുനേരെ തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ ആക്രമണം. നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ആറ് ബോട്ടുകൾക്ക് കേടുപാടുണ്ടായി. വിഴിഞ്ഞത്തിന് തെക്ക് കേരള ബോട്ടുകളെ മത്സ്യബന്ധനം നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ശനിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം.
ശക്തികുളങ്ങര സ്വദേശി സിയാദിന്റെ ഉടമസ്ഥതയിലുള്ള സെന്റ് പോൾ ബോട്ടിലെ തൊഴിലാളികളായ തമിഴ്നാട് വാണിക്കുടി സ്വദേശി എഡ്വിൻകുമാർ (49), ആഷിക് (21), ശേഖർ (21), ഹേമന്ദം ബോട്ടിലെ തൊഴിലാളി പശ്ചിമബംഗാൾ സ്വദേശി ഹരി (46) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ത്യൻ മഹാസമുദ്രത്തിൽ 76 ഈസ്റ്റ് എന്ന പ്രദേശത്ത് മത്സ്യബന്ധനം നടത്തുകയായിരുന്ന നീണ്ടകര ബോട്ടുകളെ മുട്ടം, കുളച്ചൽ ഹാർബറുകളിൽ നിന്നുള്ള 40ഓളം തമിഴ്നാട് ബോട്ടുകൾ വളഞ്ഞായിരുന്നു ആക്രമണം.
കമ്പിവടികളും മത്സ്യം കൊരുന്ന ശൗവ്വലും കൊണ്ടുള്ള ആക്രമണത്തിൽ ആറ് ബോട്ടുകളുടെയും ചില്ലുകൾ തകർന്നു. സെന്റ് പോൾ ബോട്ടിന്റെ വീൽഹൗസ് തകർത്തു. വലകളും നശിപ്പിച്ചു. സെന്റ് പോൾ ബോട്ടിന് അഞ്ചു ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ആക്രമണത്തിനിരയായ ബോട്ടുകൾ ഇന്നലെ ഉച്ചയ്ക്ക് 12ഓടെ കൊല്ലത്തെത്തി. പരിക്കേറ്റ തൊഴിലാളികൾ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കേസെടുത്ത നീണ്ടകര കോസ്റ്റൽ പൊലീസ്, തുടരന്വേഷണം തമിഴ്നാട് കോസ്റ്റൽ പൊലീസിന് കൈമാറും.
പോയത് ഒരാഴ്ച മുമ്പ്
ഒരുപകലും രാത്രിയും കൊണ്ടേ നീണ്ടകരയിൽ നിന്ന് 76 ഈസ്റ്റിൽ എത്താനാകൂ. അപകട സാദ്ധ്യതയുള്ളതിനാൽ കേരള ബോട്ടുകൾ ഒരുമിച്ചാണ് പോകുന്നത്. ഒരാഴ്ച മുമ്പ് നീണ്ടകരയിൽ നിന്ന് പോയതാണ് ബോട്ടുകൾ.
200 നോട്ടിക്കൽ
മൈൽ വരെ ആകാം
ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസുള്ള ബോട്ടുകൾക്ക് 200 നോട്ടിക്കൽ മൈൽവരെ മത്സ്യബന്ധനം നടത്താം. എന്നാൽ, 76 ഈസ്റ്റ് മേഖലയിൽ കേരള ബോട്ടുകൾ എത്തുന്നത് മൂന്നു വർഷമായി തമിഴ്നാട് മത്സ്യത്തൊഴിലാളികൾ എതിർക്കുകയാണ്. കിലോയ്ക്ക് 100 രൂപയുള്ള ഡീപ് സീ ചെമ്മീൻ, 400 രൂപയുള്ള റെഡ് റിംഗ്സ് ചെമ്മീൻ, 280 രൂപയുള്ള ഒക്ടോപ്പസ് എന്നിവ തേടിയാണ് കേരള ബോട്ടുകൾ ഈ മേഖലയിലേക്ക് പോകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |