
കണ്ണൂർ: നാടിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുത്തതിന് ഇ.ഡി നോട്ടീസ് കിട്ടിയാൽ മുട്ടുവിറക്കുമെന്നാണോ കരുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോട്ടീസ് അയച്ചവർ തൽക്കാലം അതിന്റേതായ മനഃസംതൃപ്തിയിൽ നിൽക്കുക എന്നുമാത്രമേയുള്ളൂ. ഞങ്ങളെ അശേഷം ബാധിക്കുന്ന കാര്യമല്ല അതൊന്നും. നാടിന്റെ വികസനത്തെ തകർക്കാമെന്ന് കരുതേണ്ട. വികസനത്തിന് തടയിടാമെന്നും കരുതേണ്ട. വികസനം കൂടുതൽ ശക്തമായി തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ കോർപ്പറേഷൻ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് റാലി സ്റ്റേഡിയം കോർണറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഏഴ് വൻകിട പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാൻ 20000 കോടിയാണ് കിഫ്ബി വഴി നൽകിയത്. ആ ഭൂമി കിഫ്ബി കച്ചവടം നടത്തുകയല്ല. വിലയ്ക്ക് വാങ്ങലും ഏറ്റെടുക്കലും വ്യത്യാസമുണ്ട്. ഏറ്റെടുത്ത ഭൂമി ഏതാവശ്യത്തിനാണോ അതിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇതിൽ റിസർവ് ബാങ്ക് വ്യവസ്ഥയാണ് അംഗീകരിക്കേണ്ടത്. ആ മാനദണ്ഡത്തിൽ അണുകിട വ്യതിയാനം കിഫ്ബി വരുത്തിയിട്ടില്ല.
അബുദാബിയിൽ പോയപ്പോൾ അവിടത്തെ കിരീടാവകാശി കേരളത്തിൽ നിക്ഷേപിക്കാനുള്ള സാദ്ധ്യതകൾ പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തോട് ആവശ്യപ്പെടുകയാണ്. അവരുടെയെല്ലാം നെഞ്ചിൽ നമ്മുടെ കേരളമുണ്ട്. അഞ്ചുവർഷത്തെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള നിരാശ ഉണ്ടാക്കിയിട്ടുണ്ടോ എന്നതാണ് ജനങ്ങൾ വിലയിരുത്തുക. ഒരുഘട്ടത്തിലും ജനങ്ങൾക്ക് നിരാശപ്പെടേണ്ടി വന്നിട്ടില്ല എന്നതാണനുഭവം. കഴിഞ്ഞ തവണ തുടർഭരണമുണ്ടായിരുന്നില്ലെങ്കിൽ ക്ഷേമപെൻഷൻ കടലാസിൽ മാത്രമായിരിക്കും ഉണ്ടാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |