തിരുവനന്തപുരം: തൊഴിൽ തേടി മിടുക്കരായ യുവാക്കൾ വിദേശത്തേക്ക് പോകുന്നത് നിയന്ത്രിക്കുമെന്ന് കേന്ദ്രശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ.ജിതേന്ദ്രസിംഗ് പറഞ്ഞു.
സി.എസ്.ഐ.ആർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ പാപ്പനംകോട് കാമ്പസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവേഷണ വികസനമേഖലയിൽ രാജ്യത്ത് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും.2047ൽ രാജ്യം ആഗോള ശാസ്ത്രസാങ്കേതിക ഹബ്ബാക്കി മാറ്റുന്നതിനായി ഗവേഷണ സ്ഥാപനങ്ങളും വ്യവസായങ്ങളും പരസ്പരപൂരകമായിപ്രവർത്തിക്കുന്ന പദ്ധതികൾ നടപ്പാക്കും. നിസ്റ്റ് കേന്ദ്രങ്ങൾ സ്വയംപര്യാപ്തമാകണമെന്നും അതിന് കേന്ദ്രസർക്കാർ മികച്ച പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കാമ്പസിൽ ആയുർവേദ ഗവേഷണത്തിലെ മികവിന്റെ കേന്ദ്രത്തിന്റെ ശിലാസ്ഥാപനവും പെർഫോമൻസ് കെമിക്കൽസ് ആൻഡ് സസ്റ്റൈനബിൾ പോളിമറുകളിലെ മികവിന്റെ കേന്ദ്രത്തിന്റെ ഉദ്ഘാടനവും കേന്ദ്രമന്ത്രി നിർവ്വഹിച്ചു. സുവർണ ജൂബിലി ഇയർ ബുക്കും സ്റ്റാമ്പും പ്രകാശനം ചെയ്തു.
നിസ്റ്റിലെ ഗവേഷണകണ്ടെത്തലുകൾ വ്യവസായമേഖലയിൽ കൈമാറുന്നത് സംബന്ധിച്ച് വിവിധ സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം കേന്ദ്രമന്ത്രി കൈമാറി.സ്റ്റാർട്ടപ്പ് എക്സ്‌പോയുടെ ഉദ്ഘാടനവും നിർവ്വഹിച്ചു.
എൻ.ഐ.ഐ.എസ്.ടി ഡയറക്ടർ ഡോ.സി.അനന്തരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരി വിശിഷ്ടാതിഥിയായി.
ചീഫ് സയന്റിസ്റ്റുമാരായ ഡോ.കെ.വി.രാധാകൃഷ്ണൻ സ്വാഗതവും ഡോ.പി.നിഷി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |