അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയകാലം മുതലേ ഞാൻ എം.ടിയുടെ ആരാധികയായിരുന്നു. എം.ടി കഥകൾ വായിച്ച് ചെറുപ്പത്തിലേ അദ്ദേഹത്തിന് കത്തുകൾ എഴുതുമായിരുന്നു. അദ്ദേഹം മറുപടിയും തരും. അദ്ദേഹത്തിന്റെ ഏറ്റവും നല്ല ഗുണമെന്തെന്ന് ചോദിച്ചാൽ അയക്കുന്ന കത്തുകൾക്ക് അദ്ദേഹം മറുപടി തരുമെന്നുള്ളതാണ്. ഉള്ളിലെ കനൽ കെടാതെ സൂക്ഷിക്കണമെന്നും മുൻനിരയിലെ എഴുത്തുകാർക്കൊപ്പം എത്തണമെന്നും അദ്ദേഹം എനിക്കെഴുതി. അതെനിക്ക് വലിയ പ്രചോദനമായി. കൊട്ടാരം റോഡിൽ അദ്ദേഹത്തിന്റെ വീടിനടുത്ത് വീട് വാങ്ങിച്ചതും മറക്കാനാവില്ല. അകലെ നിന്ന് നോക്കിക്കണ്ട എം.ടിയെ അടുത്തുകാണാനും അറിയാനും കൂടുതൽ സൗഹൃദമുണ്ടാക്കാനും സാധിച്ചു.
കേരളകൗമുദിയാണ് എം.ടിയെന്ന മനുഷ്യന്റെ ഉള്ളറകളിലേക്ക് കയറിച്ചെല്ലാൻ പ്രേരണയായത്. അങ്ങനെയാണ്. 'എം.ടി: ഏകാകിതയുടെ വിസ്മയം" എന്ന പുസ്തകം പിറക്കുന്നത്. കേരളകൗമുദി ഓണപ്പതിപ്പിലേക്ക് എം.ടിയുമായുള്ള അഭിമുഖം ആവശ്യപ്പെട്ടപ്പോൾ ആദ്യം ഒന്നുപതറി. എന്നാൽ എം.ടിയോട് കാര്യം അവതരിപ്പിച്ചപ്പോൾ അതിനെന്താ നമുക്ക് ഇരിക്കാല്ലോ എന്നായി. ഒരു ദിവസം ചോദിച്ച എനിക്ക് കിട്ടിയത് മൂന്ന് ദിവസങ്ങളാണ്. വിശദമായി തന്നെ ഓരോ കാര്യവും മനസിലാക്കി. പെട്ടെന്ന് എനിക്കൊരാശയം തോന്നി. കുറച്ചുകൂടി വിപുലീകരിച്ച് പുസ്തകമെഴുതിയാലോ എന്ന്. എം.ടി സമ്മതം മൂളുകയും കൂടി ചെയ്തതോടെ സന്തോഷം ഇരട്ടിച്ചു. അങ്ങനെയാണ് എം.ടിയോടുള്ള ആദരവായ ആ പുസ്തകം പിറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |