ചീനിക്കുഴി (തൊടുപുഴ): സ്കൂൾ ബസിലേക്ക് കയറുന്നതിനിടെ താഴെ വീണ് ജീവനക്കാരൻ മരിച്ചു. ഉടുമ്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂളിന്റെ ബസിലെ സഹായി മലയിഞ്ചി ആൾക്കല്ല് പടിഞ്ഞാറയിൽ ജിജോ ജോർജാണ് (44) മരിച്ചത്. ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. ജിജോ കയറുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ചാടിക്കയറാൻ ശ്രമിക്കുന്നതിനിടയിൽ റോഡിലേക്ക് തലയിടിച്ചു വീഴുകയും പിന്നിലെ ടയർ തലയിൽ കയറിയിറങ്ങുകയുമായിരുന്നു. ജിജോയുടെ മകൾ എലിസബത്തും ബസിൽ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള സെന്റ് മേരീസ് പള്ളി വികാരിയുടെ ജീപ്പിൽ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂൾ പി.ടി.എ അംഗം കൂടിയാണ് ജിജോ. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് രാവിലെ എട്ടിന് വീട്ടിലെത്തിക്കും. 11ന് മലയിഞ്ചി സെന്റ് തോമസ് പള്ളിയിൽ സംസ്കാരം നടത്തും. ഭാര്യ: റാണി, മറ്റൊരു മകൾ: ഏയ്ഞ്ചൽ മരിയ. ബസ് ഡ്രൈവർക്കെതിരെ കരിമണ്ണൂർ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |