കോഴിക്കോട് / തിരുവമ്പാടി: തിരുവമ്പാടി പൂല്ലുരാംപാറയിൽ കെ.എസ്.ആർ.ടി.സി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞ് രണ്ട് യാത്രക്കാർക്ക് ദാരുണാന്ത്യം. കോടഞ്ചേരി കണ്ടപ്പംഞ്ചാൽ വേലംകുന്നേൽ വാസുവിന്റെ ഭാര്യ കമല (61), ആനക്കാംപൊയിൽ പടിഞ്ഞാറക്കര തോയിലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യ (75) എന്നിവരാണ് മരിച്ചത്. ഡ്രെെവർ ഷിബുവും കണ്ടക്ടർ റെനീഷുമുൾപ്പെടെ 26 പേർക്ക് പരിക്കേറ്റു.
50 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവർ തിരുമ്പാടി ലിസ, ഓമശ്ശേരി ശാന്തി, മുക്കം കെ.എം.സി,ടി, മിംസ് ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിലായ രണ്ടുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്നലെ ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്.
റോഡിലെ കലുങ്കിലിടിച്ച് നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ കൈവരി തകർത്താണ് പുഴയിലേക്ക് മറിഞ്ഞത്. ബസിന്റെ മുൻഭാഗത്തിരുന്നവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബസ് കുത്തനെ പുഴയിലേക്ക് വീണതോടെ പിന്നിലുണ്ടായിരുന്നവരും മുന്നിലേക്ക് വീണു. ഹൈഡ്രോളിക് കട്ടറുൾപ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങൾ മുറിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ബസിന്റെ മുൻഭാഗം മാത്രം പുഴയിലേക്ക് വീണതിനാൽ അപകടത്തിന്റെ ആഘാതം കുറഞ്ഞു. നാട്ടുകാരും പൊലീസും മുക്കം ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബസിനെ ക്രെയിനുപയോഗിച്ച് പുറത്തെടുത്തു.
വിശദമായ റിപ്പോർട്ട് വേണമെന്ന് മന്ത്രി
അപകടത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ കെ.എസ്.ആർ.ടി.സി എം.ഡിയോട് ആവശ്യപ്പെട്ടു. ബസ് മറിയാനുണ്ടായ കാരണമുൾപ്പെടെ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും കൊടുവള്ളി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ റിജിത്ത് പറഞ്ഞു. ബസിന്റെ ബ്രേക്കിനും ടയറുകൾക്കും പ്രശ്നങ്ങളില്ല. 2010 മോഡൽ വാഹനമാണ് അപടത്തിൽപ്പെട്ടത്. ചെറിയ റോഡായതിനാൽ വാഹനം വേഗത്തിലായിരിക്കാൻ സാദ്ധ്യത കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |