
ആറ്റിങ്ങൽ:പാപ്പാല വാഹനാപകടത്തിൽ ദമ്പതികളുടെ മരണത്തിന് കാരണമായ വാഹനം ഓടിച്ചിരുന്ന പ്രതി പൊലീസ് പിടിയിൽ. കുന്നത്തുകാൽ കാരക്കോണം കല്ലറത്തല ശ്രീവാസ് വീട്ടിൽ നിന്നും നെയ്യാറ്റിൻകര പാലക്കടവ് വിശ്വഭാരതി സ്കൂളിനു സമീപം ഒയാസിസ് വീട്ടിൽ വാടകക്ക് താമസിക്കുന്ന വിഷ്ണുവിനെയാണ് (39) പ്രത്യേക അന്വേഷണസംഘം പാറശാലയിൽ നിന്ന് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വിഷ്ണുവിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ വർക്ക് ഷോപ്പ് നടത്തി വരുയാണ്. ഇന്നലെ പുലർച്ചെയാണ് കേരള-തമിഴ്നാട് അതിർത്തിയിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്.
ജനുവരി 4 ന് വൈകിട്ട് മൂന്നോടെ സംസ്ഥാന പാതയിലെ പാപ്പാലയിലായിരുന്നു അപകടം . കിളിമാനൂരിൽ നിന്നും പാപ്പാല ഭാഗത്തേയ്ക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന പഴയകുന്നുന്മേൽ വാടയിൽ വീട്ടിൽ രജിത്ത് (40) ,ഭാര്യ അംബിക (29)എന്നിവരെ അമിത വേഗതയിലെത്തിയ ഥാർ ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ അംബിക ഏഴിനും രജിത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുമാണ് മരണപ്പെട്ടത് .അപകടത്തിന് പിന്നാലെ നിറുത്താതെ പോയ ജീപ്പ് നാട്ടുകാർ തടഞ്ഞുനിർത്തി ഡ്രൈവർ വിഷ്ണുവിനെ പൊലീസിന് കൈമാറിയിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് പ്രതിഷേധത്തിന് കാരണമായിരുന്നു .
പ്രതിയെ പിടി കൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് രഞ്ചിത്തിന്റെ മൃതദേഹവുമായി നാട്ടുകാർ കിളിമാനൂർ സ്റ്റേഷൻ ഉപരോധിച്ചു.തുടർന്ന് കേസന്വേഷണം തിരുവനന്തപുരം റേഞ്ച് ഡി. ഐ. ജി യുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടിമിന് കൈമാറി. ആറ്റിങ്ങൽഹഡിവൈ.എസ്.പി മഞ്ജുലാലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുൾ കലാം. പാങ്ങോട് എസ്.എച്ച്.ഒ ജിനേഷ് ജെ. ആറ്റിങ്ങൽ എസ്.ഐ ജിഷ്ണു. ഡി.വൈ.എസ്.പിയുടെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്.ഐ പ്രദീപ്, എ.എസ്.ഐ മാരായ മനോജ്. ബൈജു. പ്രതീപ്. എസ്.സി.പി .ഒ വിജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്യത്. മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |