
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ പ്രതികൾക്ക് മർദ്ദനമേറ്റതായുള്ള പരാതിയിൽ വിയ്യൂർ, പൂജപ്പുര ജയിൽ സൂപ്രണ്ടുമാരോട് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ എൻഐഎ കോടതി ഉത്തരവ്. പ്രതികളെ ഉദ്യോഗസ്ഥർ സംഘം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. എൻഐഎ കേസിലെ പ്രതികളായ പിഎം മനോജ്, അസ്‌ഹറുദ്ദീൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് പ്രതികളുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച റിപ്പോർട്ട് നൽകാനും എൻഐഎ കോടതി ഉത്തരവിട്ടു.
കഴിഞ്ഞമാസം 13നാണ് പ്രതികൾക്ക് മർദ്ദനമേറ്റത്. സെല്ലിൽ കയറുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നാണ് വിവരം. ജയിൽ വാർഡനായ അഭിനവ്, ജോയിന്റ് സൂപ്രണ്ട് ശ്രീജിത്ത്, ഡെപ്യൂട്ടി സൂപ്രണ്ട് കിരൺ എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദനം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്. മർദ്ദനത്തിന് പിന്നാലെ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി ലഭിക്കുകയായിരുന്നു.
2022ലെ കോയമ്പത്തൂർ കാർ സ്ഫോടനക്കേസിലും, 2019ലെ ശ്രീലങ്ക ഈസ്റ്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് അസറുദ്ദീൻ. 2019ൽ എൻഐഎ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ ഐസിസ് ബന്ധം, തീവ്രവാദ റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള കേസും ചുമത്തിയിരുന്നു. ആഷിഖ് എന്ന പേരിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലായിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. 10 യു.എ.പി.എ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്നു മനോജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |