ശബരിമല: ശബരിമലയിലെ സാഹചര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും രണ്ട് ദിവസം കൊണ്ട് രണ്ട് ലക്ഷം പേരാണ് ദർശനത്തിനെത്തിയതെന്നും എഡിജിപി എസ് ശ്രീജിത്ത്. വരുന്നവരെല്ലാം ഉടൻ ദർശനം വേണമെന്ന് വാശിപിടിക്കുകയാണ്. ഭക്തജനങ്ങൾ സ്വയം കാര്യങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
'സ്‌പോട്ട് ബുക്കിംഗിനേക്കാൾ കൂടുതൽ ആളുകൾ വരികയാണ്. ആ വരുന്നവർ എല്ലാം ഉടനെ ദർശനം ലഭിക്കണമെന്ന് വാശി പിടിക്കുകയാണ്. 20,000 പേരുടെ സ്ഥാനത്ത് 37,000 പേർക്കാണ് സ്‌പോട്ട് ബുക്കിംഗ് കൊടുക്കേണ്ടി വന്നത്. കാരണം, വരുന്നവരെ നമുക്ക് തിരിച്ചുപറഞ്ഞ് വിടാനുള്ള സംവിധാനമില്ല. അങ്ങനെ ചെയ്യുന്നത് ശരിയുമല്ല. ഏതെങ്കിലും ദിവസം വെർച്വൽ ക്യൂ എടുത്തിട്ട് തോന്നുന്ന ദിവസം വരുക. ഇത് രണ്ടും ഭക്ത ജനങ്ങൾ മനസിലാക്കുക. എല്ലാവർക്കും ദർശനത്തിന് അവസരമുണ്ടാകണം. പൊലീസ് സേന ആവശ്യത്തിനുണ്ട്. ഇതിൽ കൂടുതൽ സേനയെ വിന്യസിച്ചാൽ അവർക്ക് ജോലി ചെയ്യാൻ സാധിക്കില്ല'- ശ്രീജിത്ത് പറഞ്ഞു.
അതേസമയം, ശബരിമലയിൽ മണ്ഡലകാലം ആരംഭിച്ച് രണ്ടാം ദിവസമായ ഇന്ന് താൻ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തവിധമുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. വരിയിൽ ഏറെനേരം നിൽക്കാൻ സാധിക്കാത്തതിനാൽ പലരും മറ്റ് വഴികളിലൂടെ ചാടി വന്നവരാണ്. ഇവരെ 18ാം പടി കടത്തിവിടാനുള്ള നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇങ്ങനെയൊരു ആൾക്കൂട്ടം വരാൻ പാടില്ലായിരുന്നുവെന്നും കെ ജയകുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |