മനോജ് എബ്രഹാമിന് പകരം ചുമതല
തിരുവനന്തപുരം :.ആർ.എസ്.എസ് ദേശീയ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചയിലൂടെ രാഷ്ട്രീയ കോളിളക്കത്തിന് കാരണക്കാരനായ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് ഒടുവിൽ സ്ഥാനചലനം. ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റി. ഇന്റലിജൻസ് എ.ഡി.ജി.പി മനോജ് എബ്രഹാമിന് ചുമതല നൽകി. അതേസമയം, അജിത് കുമാർ സായുധ പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പിയായി തുടരും.
ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് തടയിടാനും സി.പി.ഐയ്ക്ക് മുഖംരക്ഷിക്കാനും മുഖ്യമന്ത്രിയുടെ ഈ തീരുമാനം സഹായിക്കും.
മനോജ് എബ്രഹാം വഹിച്ചിരുന്ന എ.ഡി.ജി.പി ഇന്റലിജൻസ് പദവിയിലേക്ക് പുതിയ നിയമനമുണ്ടാകും.
ഇന്നലെ രാവിലെ മുതൽ മാരത്തൺ ചർച്ചകൾക്കുശേഷമാണ് മുഖ്യമന്ത്രി അന്തിമതീരുമാനമെടുത്തത്.സസ്പെൻഡ് ചെയ്യുമെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. ഞായാഴ്ചയായ ഇന്നലെ പതിവില്ലാതെ വൈകിട്ട് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി അവസാനവട്ട ചർച്ചകൾ പൂർത്തിയാക്കിയാണ് മുഖ്യമന്ത്രി ഉത്തരവിറക്കാൻ നിർദ്ദേശം നൽകിയത്. അതേസമയം, സേനയിലെ സുപ്രധാന പദവിയായ ബെറ്റാലിയൻ എ.ഡി.ജി.പിയായി തുടരാൻ അവസരമൊരുക്കുകയും ചെയ്തു.
അജിത്തിന്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതലോടെയുള്ള നടപടി. ഡി.ജി.പി ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക നൽകിയ റിപ്പോർട്ട് ഇന്നലെ മുഖ്യമന്ത്രി വിശദമായി പരിശോധിച്ചു. ബന്ധപ്പെട്ടവരുമായി കൂടിയാലോചനകൾ നടത്തി. നിയമവശങ്ങളും പരിശോധിച്ചു. റിപ്പോർട്ടിലെ ഉള്ളടക്കവും കണ്ടെത്തലുകളും ഡി.ജി.പി മുഖ്യമന്ത്രിയോട് നേരിട്ട് വിശദീകരിച്ചു.
സ്വാഭാവിക മാറ്റം,
തിരികെ കൊണ്ടുവരാം
1. സ്വാഭാവികമായ മാറ്റമെന്നതരത്തിലാണ് ഉത്തരവിറങ്ങിയത്. ഡി.ജി.പിയുടെ അന്വേഷണമോ എ.ഡി.ജി.പിയുടെ വീഴ്ചകളോ ഉത്തരവിൽ പരാമർശിച്ചിട്ടില്ല. അതിനാൽ, അജിത്തിനെ എപ്പോൾ വേണമെങ്കിലും തിരികെ ആ പദവിയിൽ എത്തിക്കാൻ കഴിയും.
2.അജിത്തിന്റേത് സർവീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഗുരുതരവീഴ്ചയാണ് സംഭവിച്ചതെന്നുമാണ് ഡി.ജി.പിയുടെ റിപ്പോർട്ടിലുള്ളത്. ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടികാഴ്ചയ്ക്ക് അജിത്ത് നൽകിയ വിശദീകരണങ്ങൾ തള്ളിയാണ് 300 പേജുള്ള റിപ്പോർട്ട് ഡി.ജി.പി സർക്കാരിന് നൽകിയത്.
3. ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയേക്കാൾ, തൃശൂർ പൂരം കലക്കിയതിൽ പങ്കുണ്ടെന്ന ആക്ഷേപമാണ് അജിത് കുമാറിനെതിരെ തിരിയാൻ സി.പി.ഐയെ പ്രേരിപ്പിച്ചത്. അതുശരിവച്ചാൽ,സർക്കാർ വൻപ്രതിസന്ധിയിലാവുമെന്നതിനാൽ ആർ.എസ്.എസ് കൂടിക്കാഴ്ചയുടെ പേരിലുള്ള നടപടിയായി ചുരുക്കി.
4. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്ആർ.എസ്.എസ് നേതാവ് ദത്താത്രേയഹൊസബളെയെ എ.ഡി.ജി.പി തൃശൂരിൽ സന്ദർശിച്ചുവെന്ന വിവരം സെപ്തംബർ നാലിന് പുറത്തുവിട്ടത്. പിന്നാലെ, കോവളത്ത് വച്ച് റാംമാധവിനെ കണ്ടതും പുറത്തുവന്നു.പി.വി. അൻവർ എം.എൽ.എ ആരോപിച്ച സ്വർണക്കടത്ത് ബന്ധം, അനധികൃത സ്വത്ത് സമ്പാദനം, കേസുകളുടെ അട്ടിമറി തുടങ്ങിയ വിഷയങ്ങൾ വിവാദം കത്തിക്കയറാൻ ഇടയാക്കി.അൻവർ ഇടതു മുന്നണി വിടുന്നതിലേക്കുവരെ വിവാദം വഴിയൊരുക്കി.
`എൽ.ഡി.എഫിന്റെ വിജയം. സി.പി.ഐയുടെ ആവശ്യം നിറവേറ്റി'
-ബിനോയ് വിശ്വം,
സി.പി.ഐ സംസ്ഥാന സെക്രട്ടറി
`വെറും ട്രാൻസ്ഫർ മാത്രമാണിത്. അല്ലാതെ ഇതിനെ നടപടി എന്നുപോലും വിളിക്കാനാവില്ല.'
- രമേശ് ചെന്നിത്തല,
മുൻ പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |