
തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ ക്ലാസ്മുറികളിലും സ്‌കൂള്‍ കോമ്പൗണ്ടിലും കുട്ടികളില്‍ ഈ ശീലം വര്‍ദ്ധിച്ച് വരുന്നു. മൊബൈല്‍ ഫോണുകളുടെ ഉപയോഗമാണ് ആണ്‍ - പെണ്‍ വ്യത്യാസമില്ലാതെ സ്‌കൂളുകളില്‍ വര്‍ദ്ധിക്കുന്നത്. ഇന്റര്‍വെല്‍ സമയങ്ങളില്‍ ക്ലാസ്മുറികളിലും പരിസരത്തും റീല്‍ ചിത്രീകരണം വ്യാപകമാകുന്നതും അദ്ധ്യാപകര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം അനുസരിച്ച് സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകളുമായി എത്തി അത് പിടിക്കപ്പെട്ടാല്‍ മാര്‍ച്ച് 31 വരെ തിരികെ നല്‍കാന്‍ പാടില്ല.
വിദ്യാലയങ്ങളില്‍ പിടിഎ പ്രസിഡന്റ് ചെയര്‍മാനും മദര്‍ പിടിഎ പ്രസിഡന്റ് വൈസ് ചെയര്‍മാനും പ്രഥമാദ്ധ്യാപകര്‍ കണ്‍വീനറുമായി എത്തിക്‌സ് കമ്മിറ്റിക്ക് രൂപംനല്‍കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിര്‍ദേശമുണ്ടായിരുന്നു. ബാഗുകള്‍ കൃത്യമായി പരിശോധിക്കുമെന്നതിനാല്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് ഫോണ്‍ സ്‌കൂളുകളില്‍ എത്തിക്കുന്നത്. ക്ലാസ് നടക്കുന്ന സമയങ്ങളില്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ ചിത്രം എടുക്കുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വ്യാപകമാകുന്നുണ്ട്.
കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് വരുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ നല്‍കരുതെന്ന് രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട് അദ്ധ്യാപകര്‍. എന്നാല്‍ വീട്ടുകാരേയും ഒളിച്ച് ആണ് പലപ്പോഴും കുട്ടികള്‍ സ്‌കൂളുകളിലേക്ക് മൊബൈലുകള്‍ കൊണ്ടുവരുന്നത്. അദ്ധ്യാപികമാര്‍ ക്ലാസ് എടുക്കുമ്പോള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ശീലവും ചിലയിടങ്ങളില്‍ കണ്ടെത്തിയിരുന്നു. കുട്ടികളെ വഴക്കുപറഞ്ഞാല്‍ പോലും ദൃശ്യങ്ങള്‍ എടുക്കുന്ന രീതിയുള്ളതിനാല്‍ പലപ്പോഴും ക്ലാസുകളില്‍ പഠിപ്പിക്കുന്നതിന് പോലും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ടെന്നും അദ്ധ്യാപകര്‍ മുമ്പ് പറഞ്ഞിരുന്നു.
മൊബൈല്‍ ഫോണ്‍ എല്ലായിടത്തും ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന തെറ്റിദ്ധാരണ കുട്ടികള്‍ക്കിടയില്‍ ഉണ്ട്. കൃത്യമായ കൗണ്‍സിലിംഗ് ഉള്‍പ്പെടെയുള്ളവ കേരള പൊലീസിന്റെ ഡിജിറ്റല്‍ ഡി അഡിക്ഷന്‍ വിഭാഗമായ ഡി-ഡാഡ് വഴി നല്‍കുന്നുണ്ട്. മൊബൈല്‍ ഫോണുകളുടേയും സമൂഹമാദ്ധ്യമങ്ങളുടേയും അമിതമായ ഉപയോഗം കുട്ടികളുടെ സ്വഭാത്തില്‍ ഉള്‍പ്പെടെ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നാണ് അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |