തിരുവനന്തപുരം: വൈസ്ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നൽകാൻ ചേർന്ന കാർഷിക വാഴ്സിറ്റി ജനറൽ കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞു. ഗവർണറുടെ നിർദ്ദേശപ്രകാരം താത്കാലിക വി.സി ഡോ. ബി. അശോകാണ് യോഗം വിളിച്ചത്. 20 ഔദ്യോഗിക അംഗങ്ങളും 15 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉൾപ്പെടെ 52 പേരുള്ള കൗൺസിലിന്റെ ക്വോറം ഏഴാണ്.
സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെല്ലാം വിട്ടുനിന്നു. നാല് കോൺഗ്രസ് അംഗങ്ങളും വി.സിയും ഔദ്യോഗിക അംഗങ്ങളുമടക്കം ക്വാറം തികഞ്ഞെങ്കിലും മൂന്ന് അംഗങ്ങൾ തങ്ങൾക്ക് നേരിട്ട് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഗവർണറുടെ പ്രതിനിധികളെ ഇതുവരെ നാമനിർദ്ദേശം ചെയ്തിട്ടില്ല. ഓൺലൈൻ, ഓഫ്‌ലൈൻ രീതിയിലായിരുന്നു യോഗം. ഇത് അംഗീകരിച്ച വി.സി തീരുമാനമെടുക്കുന്നത് മാറ്റിവച്ചു. പ്രതിനിധിയെ നിശ്ചയിക്കാൻ 13ന് വീണ്ടും യോഗം ചേരും.
കൗൺസിൽ യോഗം ചേർന്ന ശേഷം പ്രതിനിധിയെ നിശ്ചയിക്കാത്തത് നിയമവിരുദ്ധമാണെന്ന് കോൺഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പക്ഷേ വി.സി വഴങ്ങിയില്ല. ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങിയാണ് വി.സി തീരുമാനമെടുക്കുന്നത് മാറ്റിവച്ചതെന്ന് കോൺഗ്രസ് അംഗങ്ങൾ ആരോപിച്ചു. സെർച്ച് കമ്മിറ്റി പ്രതിനിധിയെ നിശ്ചയിക്കാൻ 16ന് കേരളയിലും 17ന് കുസാറ്റിലും സെനറ്റ് യോഗം ചേരുന്നുണ്ട്. ഓൺലൈനായും യോഗത്തിൽ പങ്കെടുക്കാൻ അവസരമൊരുക്കണമെന്ന് കേരളയിലെ സെനറ്റംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
യുവജനോത്സവത്തിനായി പരീക്ഷ മാറ്റണം
കേരള യൂണി. പരീക്ഷാ കൺട്രോളറെ
തടഞ്ഞുവച്ച് എസ്.എഫ്.ഐ
തിരുവനന്തപുരം: പരീക്ഷാ തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള സർവകലാശാലാ പരീക്ഷാ കൺട്രോളർ ഡോ.എൻ ഗോപകുമാറിനെ
തടഞ്ഞുവച്ച് എസ്.എഫ്.ഐ പ്രവർത്തകർ. രണ്ടു മണിക്കൂറോളമാണ് തടഞ്ഞത്. യുവജനോത്സവത്തിന് തയ്യാറെടുക്കാൻ 16ന് ആരംഭിക്കുന്ന ബി.എ, ബി.എസ്.സി, ബി.കോം മൂന്നാം സെമസ്റ്റർ പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. പരീക്ഷ നീട്ടിയാൽ കോഴ്സ് കാലാവധി നീളുമെന്നും വിദ്യാർത്ഥികളുടെ താത്പര്യം കണക്കിലെടുത്താണ് തീയതി നിശ്ചയിച്ചെതെന്നും കൺട്രോളർ അറിയിച്ചിരുന്നു. തിങ്കളാഴ്ച വി.സി വന്നശേഷം തീരുമാനിക്കാമെന്ന് അറിയിച്ചിട്ടും പ്രവർത്തകർ അയഞ്ഞില്ല. വിഷയം ചർച്ച ചെയ്യാൻ12ന് യോഗം വിളിക്കാമെന്ന് രജിസ്ട്രാർ ഉറപ്പു നൽകിയതോടെയാണ് സമരം നിറുത്തിയത്.
അതേസമയം, സെർച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിക്കായി 16ന് സെനറ്റ് യോഗം ചേരുന്നുണ്ട്. അന്ന് പരീക്ഷ നടത്തിയാൽ വിദ്യാർത്ഥികളുടെ സമരത്തിന് തടസമാകും. ഇതിനാലാണ് പരീക്ഷ മാറ്റണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുന്നതെന്ന് ആരോപണം ഉയർന്നു. തിരുവനന്തപുരത്ത് നടക്കുന്ന യുവജനോത്സവത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |