തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥാപിച്ച എ.ഐ കാമറകളുടെ പേരിൽ ജനങ്ങളിൽ നിന്നും ഈടാക്കുന്ന പിഴ സ്വകാര്യ കമ്പനികൾക്ക് നൽകുന്നത് നിയമപരമായി തെറ്റാണെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പദ്ധതിയിൽ സർക്കാർ മുതൽ മുടക്കില്ല. കെൽട്രോണിനും ഉപകരാർ നേടിയ കമ്പനിക്കും പിഴത്തുകയിൽ നിശ്ചിത ശതമാനം വീതം വച്ച് നൽകുന്ന രീതിയിലാണ് ക്രമീകരണം.
ട്രാഫിക് നിയമലംഘനം ഏത് മാർഗത്തിലൂടെ കണ്ടെത്തിയാലും പിഴ ഈടാക്കി ഖജനാവിലേക്ക് ഒടുക്കാനുള്ള അധികാരം പൊലീസിനും മോട്ടോർ വാഹന വകുപ്പിനും മാത്രമാണ്. എന്നാൽ ഈ പദ്ധതിയിൽ കാഴ്ചക്കാരുടെ റോൾ മാത്രമേ മോട്ടോർ വാഹന വകുപ്പിനുള്ളൂ.
എ.ഐ കാമറ സ്ഥാപിച്ച ഏജൻസികൾ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ കൺട്രോൾ റൂമിൽ ഇതുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്യുന്നത്. ഇക്കാര്യങ്ങൾ ആരെങ്കിലും കോടതികളുടെ ശ്രദ്ധയിൽപെടുത്തിയാൽ സർക്കാരിന് മറുപടി പറയേണ്ടി വരും.
കരാറുകൾ ധനവകുപ്പ്
ഉത്തരവിന് വിരുദ്ധം
എ.ഐ കാമറ സ്ഥാപിക്കാൻ കെൽട്രോണിന് കരാർ നൽകിയതും അവർ എസ്.ആർ.ഐ.ടിക്ക് ഉപകരാർ നൽകിയതും 2018 ആഗസ്റ്റിൽ ധനവകുപ്പ് ഇറക്കിയ ഉത്തരവിന് വിരുദ്ധമായാണെന്ന വിവരവും പുറത്തുവന്നു. ഉപകരണങ്ങൾ വാങ്ങുന്നതിന് അക്രഡിറ്റഡ് ഏജൻസിക്ക് രണ്ടുതരത്തിൽ കരാർ നൽകാം. പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടൻസിയായി (പി.എം.സി) പ്രവർത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും.
അക്രഡിറ്റഡ് ഏജൻസിക്ക് മതിയായ വൈദഗ്ദ്ധ്യം ഉണ്ടെങ്കിലേ അവർക്ക് സ്വന്തമായി ഉപകരണങ്ങൾ വിതരണം ചെയ്യാനുള്ള കരാർ നൽകാവൂ. ഇതിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട വകുപ്പിനായിരിക്കും. എന്നാൽ കാമറകൾ സ്ഥാപിച്ച് പരിചയമില്ലാത്ത കെൽട്രോണിന് കരാർ നൽകിയത് ഉത്തരവിന് വിരുദ്ധമായാണ്.
കരാർ നൽകിയാൽതന്നെ വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജൻസിയുടേതായിരിക്കണം. അതിൽ കൂടുതൽ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുത്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത കാമറകളിലും ഉപകരണങ്ങളിലും അഞ്ചുശതമാനം പോലും കെൽട്രോണിന്റേതല്ല. എസ്.ആർ.ഐ.ടിക്ക് കെൽട്രോൺ ഉപകരാർ നൽകിയത് ഗതാഗത വകുപ്പ് അറിഞ്ഞിരുന്നില്ല.
മൂന്നാം കക്ഷിയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് സുതാര്യമായ ബിഡിംഗ് വഴിയായിരിക്കണമെന്നും ധനവകുപ്പ് ഉത്തരവിലുണ്ട്. ഈ ബിഡിംഗ് നടപടികൾ ബന്ധപ്പെട്ട വകുപ്പിനും ലഭ്യമാക്കണം. പി.എം.സി ആയിട്ടാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നതിൽ അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പാണ് എടുക്കേണ്ടത്. മൂന്നാം കക്ഷിക്ക് പണം നൽകുന്നത് വകുപ്പ് നേരിട്ടായിരിക്കണം എന്നും ഉത്തരവിലുണ്ട്. ഇതൊന്നും കെൽട്രോൺ നൽകിയ ഉപകരാറിൽ പാലിക്കപ്പെട്ടില്ല.
''പിഴത്തുക വീതിച്ചുകൊടുക്കുന്ന പരിപാടിക്ക് സർക്കാർ എങ്ങനെ കൂട്ടുനിൽക്കും. എ.ഐ കാമറ പദ്ധതി ആകെ നിയമവിരുദ്ധമാണ്.
-ടി. അസഫലി,
മുൻ പ്രോസിക്യൂഷൻ
ഡയറക്ടർ ജനറൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |