തിരുവനന്തപുരം: ആഴവും പരപ്പുമേറിയ അഴിമതിയാരോപണത്തിൽ മുങ്ങുകയും മുഖ്യമന്ത്രിയുടെ ഉറ്റബന്ധുവിലേക്കുവരെ അതിന്റെ വേരുകൾ നീളുകയും ചെയ്തതോടെ, മരവിപ്പിക്കാനൊരുങ്ങിയ എ.ഐ ക്യാമറ പദ്ധതി മിഴിതുറപ്പിക്കാൻ ഒരുങ്ങുന്നു. ഉന്നത രാഷ്ട്രീയസമ്മർദ്ദത്തെതുടർന്നാണ് നടപടി. സർക്കാരിലെയും കരാർ കമ്പനികളിലെയും വമ്പന്മാരാണ് മരവിപ്പിക്കലിന് വിലങ്ങിട്ടതെന്നാണറിയുന്നത്. കെൽട്രോൺ, മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ, ഗതാഗത കമ്മിഷണർ എന്നിവരുമായി ബുധനാഴ്ച മന്ത്രി ആന്റണി രാജു നടത്തുന്ന ചർച്ചയ്ക്കുശേഷം 20മുതൽ പെറ്റിയടിക്കാനാണ് നീക്കം. അതിന്റെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച എ.ഐ ക്യാമറയിൽ പതിഞ്ഞ നിയമലംഘനങ്ങൾക്ക് ബോധവത്കരണ നോട്ടീസ് ഇന്നലെമുതൽ അയച്ചുതുടങ്ങി. നിയമലംഘനങ്ങൾ ആവർത്തിച്ചവർക്കാണ് ആദ്യം നോട്ടീസ്. ഇതിൽ പിഴയീടാക്കില്ല.
സംസ്ഥാനത്താകെ 726 എ.ഐ ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞെന്നും കെൽട്രോണുമായി കരാറൊപ്പിട്ട കമ്പനികൾക്ക് അതിന്റെ പണം നൽകിയില്ലെങ്കിൽ അവർ കോടതിയെ സമീപിച്ച് നഷ്ടപരിഹാരമടക്കം ഈടാക്കുമെന്നും ധരിപ്പിച്ചാണ് പദ്ധതി മരവിപ്പിക്കാനുള്ള നീക്കത്തിന് ഉന്നതർ തടയിട്ടത്. രാഷ്ട്രീയപിന്തുണയോടെ ചില ഉന്നത ഉദ്യോഗസ്ഥർ കരാർകമ്പനികൾക്കൊപ്പം ചേർന്നാണ് കരുനീക്കം നടത്തിയത്. ഓപ്പൺ ടെൻഡറുകളിലൂടെയാണ് ഉപകരാറുകൾ നൽകിയതെന്നും കരാർതുക അധികമല്ലെന്നും വാങ്ങിയ ഉപകരണങ്ങൾ ഗുണമേന്മയുള്ളതാണെന്നും സാങ്കേതികസമിതി പലവട്ടം ഉറപ്പാക്കിയതാണെന്നുമൊക്കെയാണ് ബന്ധപ്പെട്ടവരുടെ ന്യായം. പദ്ധതി മരവിപ്പിച്ചാൽ ക്യാമറകൾ നശിക്കുമെന്നും ഉപേക്ഷിച്ചാൽ കേസുകൾക്കിടയാക്കുമെന്നും ഇവർ സർക്കാരിനെ ധരിപ്പിച്ചു. ഇതോടെയാണ് മരവിപ്പിക്കൽ തീരുമാനം അട്ടിമറിച്ചത്.
11കോടിയുടെ ഊരാക്കുരുക്ക്
പെറ്റിയടിക്കൽ തുടങ്ങിക്കഴിഞ്ഞാൽ മൂന്നുമാസത്തിലൊരിക്കൽ 11കോടിരൂപ കെൽട്രോണിന് സർക്കാർ നൽകണം. ഇതിൽ മൂന്നരക്കോടി ക്യാമറകൾ പ്രവർത്തിപ്പിക്കുന്നതിനും കണക്ടിവിറ്റി, ഡേറ്റാവിശകലനം, ജീവനക്കാർ, സൗരോർജ്ജ സംവിധാനം എന്നിവയ്ക്കുമായാണ്. ക്യാമറകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വിലയായാണ് ഏഴരക്കോടി. ക്യാമറാദൃശ്യങ്ങൾ പരിശോധിച്ച് പിഴ തയ്യാറാക്കുന്നത് കെൽട്രോണും പെറ്റി അംഗീകരിക്കേണ്ടത് മോട്ടോർവാഹനവകുപ്പുമാണ്. ഇതിനായി 14 ജില്ല കൺട്രോൾ റൂമുകൾ സജ്ജമാണെന്നാണ് പറയുന്നത്. ഏകോപനത്തിന് കെൽട്രോൺ 146 ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. മോട്ടോർവാഹന വകുപ്പുദ്യോഗസ്ഥരുമുണ്ട്. ഗതാഗതവകുപ്പും കെൽട്രോണുമായുണ്ടാക്കേണ്ട സമഗ്രകരാറിൽ മാറ്റം ഒഴിവാക്കാനും നീക്കങ്ങൾ സജീവമാണ്. മേൽനോട്ടം, നടത്തിപ്പ് എന്നിവയെക്കുറിച്ചാവണം സമഗ്രകരാറെന്നാണ് മുൻകരാറിലുള്ളത്.
കമ്പനികളുടെ താളത്തിന് തുള്ളൽ
1. ആരോപണങ്ങളുടെ പുകമറയ്ക്കിടെ ക്യാമറാപദ്ധതി തിടുക്കത്തിൽ നടപ്പാക്കാനുള്ള സ്വകാര്യകമ്പനികളുടെ ആവശ്യത്തിനൊപ്പം തുള്ളുകയാണ് ഗതാഗത, മോട്ടോർവാഹന വകുപ്പുകളിലെ ഉന്നതർ
2. കരാർ പ്രകാരം ക്യാമറകൾ സ്ഥാപിച്ചുകഴിഞ്ഞതിനാൽ ഇനി പദ്ധതിത്തുകയിലോ കരാറിലോ വ്യത്യാസം വരുത്താനാവില്ലെന്നും കരാറുകൾ സാങ്കേതിക സമിതി അംഗീകരിച്ചതാണെന്നും ഇവർ വാദിക്കുന്നു
3. ക്യാമറാപദ്ധതിക്ക് സർക്കാർ ഇതുവരെ പണം നൽകാത്തതിനാൽ സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും മരാമത്ത് കരാറുകളിലടക്കം ഉപകരാറുകൾ പതിവുള്ളതാണെന്നുമാണ് മറ്റൊരു വാദം
4. കരാർ ഉറപ്പിക്കും മുൻപേ ഉപകരാറുകൾക്ക് ടെൻഡർ വിളിക്കുന്നത് സർക്കാർ പദ്ധതികളിൽ പതിവാണെന്ന വിചിത്രവാദവും ക്യാമറക്കൊള്ളയ്ക്ക് ചുക്കാൻപിടിക്കുന്നവർ ഉയർത്തുന്നുണ്ട്.
പോക്കറ്റടിക്കാൻ 4 കാറുകൾ കൂടി
ആദ്യവർഷം 261കോടിയും 5വർഷം കൊണ്ട് 424കോടിയും ജനങ്ങളിൽ നിന്ന് പെറ്റിയായി പിരിക്കുകയാണ് സർക്കാർ ലക്ഷ്യം. നിയമലംഘനം എത്ര ക്യാമറകളുടെ കണ്ണിൽ പെട്ടാലും അത്രയും പെറ്റി കിട്ടും. ഇരുചക്രവാഹനത്തിൽ 2 പേർക്കൊപ്പം കൊണ്ടുപോവുന്ന കുട്ടിക്കും പിഴയുണ്ട്. എന്നാൽ, 12വയസിൽ താഴെയുള്ളവരെ ഒഴിവാക്കാനുള്ള ആലോചനയും നിലവിലുണ്ട്. 500 മുതൽ 2000രൂപ വരെയാണ് പിഴ. 2.65ലക്ഷം നിയമലംഘനങ്ങളാണ് ക്യാമറകൾ കഴിഞ്ഞദിവസം കണ്ടെത്തിയത്. നഗരങ്ങളിൽ ചുറ്റിക്കറങ്ങി നോപാർക്കിംഗ് അടക്കം കണ്ടെത്തി ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ക്യാമറകൾ ഘടിപ്പിക്കാൻ 4കാറുകൾ കൂടി കെൽട്രോൺ വാങ്ങിക്കഴിഞ്ഞു. ടാറ്രാനെക്സോൺ വൈദ്യുത കാറുകളാണ് വാങ്ങിയത്.
നിയമലംഘന ദൃശ്യമില്ലാതെ
പെറ്റി വാണിംഗ് നോട്ടീസ്
തിരുവനന്തപുരം: ദൃശ്യങ്ങൾ ഉൾപ്പെടുത്താതെയാണ് എ.ഐ ക്യാമറകൾ കണ്ടെത്തിയ ഗതാഗത നിയമലംഘനങ്ങൾക്ക് വാഹന ഉടമകൾക്ക് നോട്ടീസ് അയച്ചത്. ബോധവത്കരണ നോട്ടീസായതിനാൽ 19വരെ പിഴയീടാക്കില്ല. ബോധവത്കരണത്തിന്റെ ഭാഗമായി നോട്ടീസ് അയയ്ക്കുമ്പോൾ നിയമലംഘനത്തിന്റെ ദൃശ്യം ഉൾപ്പെടുത്തില്ലെന്നാണ് കെൽട്രോണിന്റെ വിശദീകരണം. വാഹനം റോഡ് നിയമം ലംഘിച്ചതായും തുടർന്നും നിയമങ്ങൾ ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കും.
റോഡ് ക്യാമറകൾ പകർത്തുന്ന നിയമലംഘനങ്ങളുടെ ചിത്രം കൺട്രോൾ റൂമിലേക്കാണ് അയയ്ക്കുന്നത്. ജീവനക്കാർ കമ്പ്യൂട്ടറിൽ ദൃശ്യങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയശേഷം നിയമലംഘനം നടന്നതായി വാഹന ഉടമയ്ക്ക് മുന്നറിയിപ്പ് നോട്ടീസ് നൽകും. പിഴ ഈടാക്കാൻ സർക്കാർ തീരുമാനിക്കുന്ന തീയതി മുതൽ ജീവനക്കാർ ദൃശ്യം പരിശോധിച്ച് കേന്ദ്ര സർക്കാരിന്റെ ഐ.ടി.എം.എസ് (ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മാനേജ്മെന്റ് സിസ്റ്റം) സെർവറിലേക്ക് അപ്ലോഡ് ചെയ്യും. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഈ ഡേറ്റ ഡൗൺലോഡ് ചെയ്തു പരിശോധിക്കും. നിയമലംഘനങ്ങൾ ബോദ്ധ്യപ്പെട്ടാൽ അംഗീകാരം നൽകി ഇ-ചെലാൻ അയയ്ക്കാനായി സെർവറിലേക്ക് അയയ്ക്കും. വാഹനത്തിന്റെ വിവരങ്ങൾ വാഹൻ സോഫ്റ്റ്വെയറിൽനിന്ന് ലഭിക്കും. വാഹന ഉടമകളുടെ നമ്പരിലേക്ക് എസ്.എം. എസ് അയയ്ക്കും. ഒപ്പം സർക്കാരിന്റെ കൺട്രോൾ റൂമിലേക്ക് ചെലാൻ കോപ്പി എത്തും. ചെലാന്റെ കോപ്പിയെടുത്ത് ഉദ്യോഗസ്ഥരുടെ ഒപ്പ് രേഖപ്പെടുത്തി തപാലിൽ അയയ്ക്കും. ഒരു മാസം 25 ലക്ഷംവരെ ചെലാനുകൾ അയയ്ക്കാനാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |