അങ്കമാലി: ''ഒരു തെറ്റും ചെയ്യാത്ത എന്റെ മകനെയാണ് അവർ കൊന്നത്. പാവമാണ് അവൻ. ആരുമായും ഒരു വഴക്കും അവനില്ല. അയൽവാസികളോടും മറ്റും ഹായ് പറഞ്ഞു പോകലായിരുന്നു ശീലം. 24 വർഷം കൈയോ കാലോ വളരുന്നോയെന്ന് നോക്കി വളർത്തിയതാണ്..."" ഐവിനെയോർത്ത് വിലപിക്കുകയാണ് അമ്മ റോസ് മേരി.
ഷാർജയിൽ ജോലി ചെയ്യവേ നാട്ടിൽ ജീവിക്കാനുള്ള കൊതികൊണ്ട് മടങ്ങി വന്നതാണ്. വിദേശത്ത് ജോലി കിട്ടിയിട്ടും പോകാതിരുന്നതിനാലാണ് മകൻ മരിച്ചത്. അവന്റെ കൈയോ കാലോ തല്ലിയൊടിച്ചാലും വിഷമമില്ലായിരുന്നു. കൊന്നുകളഞ്ഞില്ലേ. ഞങ്ങളുടെ ജീവനെയാണ് അവർ ഇല്ലാതാക്കിയത്. കൊലപാതകികൾ രക്ഷപ്പെടരുത്.
11 മാസം മുമ്പ് ജോലി കിട്ടിയപ്പോൾ ബൈക്കിൽ പോകുന്നതിനെക്കുറിച്ചോർത്ത് പേടിച്ചാണ് കാർ വാങ്ങി നൽകിയത്. മകളുടെ കാര്യം ഇനി എന്താകുമെന്നറിയില്ല. ഈ നാട്ടിൽ ഇനി ജീവിക്കാൻ താത്പര്യമില്ലെന്നും റോസ് മേരി പറഞ്ഞു.
പിതാവ് ജോലിചെയ്യുന്നിടത്ത് രക്തത്തിൽ കുളിച്ച് ഐവിൻ
രക്തത്തിൽ കുളിച്ച നിലയിലാണ് ഐവിനെ ബുധനാഴ്ച രാത്രി അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിക്കുന്നത്. മാംസം പറിഞ്ഞിരുന്നു. അസ്ഥികൾക്ക് ഒടിവുണ്ടായിരുന്നു. ഐവിന്റെ പിതാവ് ജിജോ ജെയിംസ് ഇതേ ആശുപത്രിയിൽ സീനിയർ ഫിസിയോതെറാപ്പിസ്റ്റാണ്. അപകടം പറ്റിയെന്ന് അറിഞ്ഞ് രാത്രി ഒന്നേകാലിന് അദ്ദേഹം ആശുപത്രിയിലെത്തിയപ്പോഴാണ് മരണ വാർത്ത കേട്ടത്. ഒരു രക്ഷിതാവിനും ഈ ഗതി വരരുതെന്ന് ജിജോ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |