തിരുവനന്തപുരം: പകുതിവിലയ്ക്ക് സ്കൂട്ടറും ലാപ്ടോപ്പുമൊക്കെ വാഗ്ദാനം ചെയ്ത് കേരളമൊട്ടാകെ 500 കോടിയോളം തട്ടിപ്പുനടത്തിയ കേസിൽ സായിഗ്രാമം എക്സിക്യുട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അറസ്റ്റിൽ. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ക്രൈംബ്രാഞ്ച് എസ്.പി എം.ജെ.സോജന്റെ നിർദ്ദേശപ്രകാരം ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സി.ഐ സാഗറിന്റെ സംഘം ശാസ്തമംഗലത്തെ വീട്ടിലെത്തിയാണ് പിടികൂടിയത്. ജവഹർനഗറിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചുവേദനയും വിറയലുമുള്ളതിനാൽ ഐ.സി.യുവിലാക്കി. വൈകിട്ട് 5.10ന് അറസ്റ്റ് രേഖപ്പെടുത്തി. വിശ്വാസവഞ്ചന, ചതി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
പകുതിവില തട്ടിപ്പുകേസുകൾ അന്വേഷിക്കുന്ന കൊച്ചി ക്രൈംബ്രാഞ്ച് സംഘത്തിലെ ഡിവൈ.എസ്.പി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. മജിസ്ട്രേട്ട് ആശുപത്രിയിലെത്തി റിമാൻഡ് ചെയ്യാനും അപേക്ഷിക്കും. തിരുവനന്തപുരത്ത് ആനന്ദകുമാറിനെതിരേ കേസുകളുണ്ട്. കൊച്ചിയിൽ ചോദ്യംചെയ്ത ശേഷമായിരിക്കും ഇതിലെ അറസ്റ്റ്. കണ്ണൂർ സീഡ് സൊസൈറ്റിയിലെ വനിതാ അംഗങ്ങൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനങ്ങൾ വാഗ്ദാനംചെയ്ത് 2.96 കോടി രൂപ തട്ടിയകേസിലാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. പകുതിവില തട്ടിപ്പിലെ ഒട്ടേറെ കേസുകളിലൊന്നു മാത്രമാണിത്.
ആനന്ദകുമാറിനെ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റാനുമിടയുണ്ട്. മെഡിക്കൽബോർഡും രൂപീകരിച്ചേക്കും. പിടികൂടാനെത്തിയപ്പോൾ 10വർഷം മുൻപ് ആനന്ദകുമാറിന് ആൻജിയോപ്ലാസ്റ്റി നടത്തിയതാണെന്നും 70വയസുണ്ടെന്നും കുടുംബം അറിയിച്ചു. ഭാര്യ, മകൾ, ഡ്രൈവർ എന്നിവരെ കൂട്ടിയാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചത്. ആശുപത്രിയിലേക്ക് മാറ്റണമെന്ന് കുടുംബം ആവശ്യപ്പെടുകയായിരുന്നു.
ആനന്ദകുമാർ ചെയർമാനായ എൻ.ജി.ഒ കോൺഫെഡറേഷനിലൂടെയാണ് തട്ടിപ്പ് നടന്നത്. ആനന്ദകുമാറിന്റെ നിർദ്ദേശപ്രകാരമാണ് 1800ലേറെ സന്നദ്ധസംഘടനകളെ ചേർത്ത് കോൺഫെഡറേഷൻ രൂപീകരിച്ചതെന്നാണ് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴി. പദ്ധതിയിൽ ജനങ്ങളെ വിശ്വസിപ്പിച്ചത് ആനന്ദകുമാറാണ്. പലയിടത്തും സ്കൂട്ടർ വിതരണത്തിലും പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനന്തുകൃഷ്ണൻ സന്ദർശിച്ചത് ആനന്ദകുമാർ വഴിയായിരുന്നു.
പ്രഥമദൃഷ്ട്യാ കുറ്റക്കാരൻ
സാമ്പത്തിക ഇടപാടുകളിൽ നേരിട്ട് പങ്കില്ലെന്ന ആനന്ദകുമാറിന്റെ വാദം തള്ളിയ കോടതി പ്രഥമദൃഷ്ട്യാ കുറ്റം കണ്ടെത്തി
പ്രതി നടത്തിയ സാമ്പത്തിക തട്ടിപ്പും തട്ടിച്ചെടുത്ത തുകയും നിസാരമായി കാണാനാവില്ലെന്നും വിലയിരുത്തി
ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്ക് രണ്ട് കോടി രൂപ നൽകിയെന്ന അനന്തുകൃഷ്ണന്റെ മൊഴിയാണ് പൊലീസ് ചൂണ്ടിക്കാട്ടിയത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |