കൊച്ചി: ഹിന്ദു സമുദായത്തിൽപ്പെട്ടവരുടെ പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2004 ഡിസംബർ 20 മുതൽ ഇതിനു പ്രാബല്യമുണ്ട്. അതിനു മുമ്പുള്ള ഭാഗപത്രങ്ങൾ(ഉടമ്പടി)ക്ക് ഇത് ബാധകമല്ല. ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി വന്നതോടെയാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രനിയമത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം നിറുത്തലാക്കൽ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കേന്ദ്രനിയമത്തിനു മുന്നിൽ നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ നിർണായക വിധി.
പിതൃസ്വത്തിൽ തുല്യാവകാശം കിട്ടാത്തതിനെ ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശി എൻ.പി. രജനിയും സഹോദരിമാരും സമർപ്പിച്ച അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. ഹിന്ദു അവിഭക്ത സ്വത്തിൽ ജന്മാവകാശമുന്നയിക്കാൻ ആർക്കും കഴിയില്ലെന്നാണ് സംസ്ഥാന നിയമത്തിലെ മൂന്നാം വകുപ്പ് പറയുന്നത്. ഈ സ്വത്ത് തറവാട്ടിലെ എല്ലാ താമസക്കാർക്കുമായി വീതം വയ്‌ക്കണമെന്ന് നാലാം വകുപ്പ് പറയുന്നു. വിവാഹിതരായ സ്ത്രീകൾക്ക് സ്വത്തിൽ അവകാശമുന്നയിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ജന്മം കൊണ്ട് സ്വത്തിൽ അവകാശമുന്നയിക്കാമെന്ന് കേന്ദ്ര നിയമഭേദഗതിയുടെ ആറാം വകുപ്പ് പിന്നീട് വ്യവസ്ഥ ചെയ്തെങ്കിലും കേരള നിയമത്തിലെ വിപരീത വ്യവസ്ഥകൾ തടസമായി നിൽക്കുകയായിരുന്നു. ഇതിൽ വ്യക്തത വരുത്തിയാണ് പുതിയ ഉത്തരവ്.
മുൻ ഉത്തരവ് അസാധു
ജന്മാവകാശത്തിനെതിരായി ഹൈക്കോടതി നേരത്തേ പുറപ്പെടുവിച്ച രണ്ട് ഉത്തരവുകൾ നിയമപരമല്ലെന്നും വിനീത ശർമ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച അന്തിമ ഉത്തരവാണ് ബാധകമെന്നും കോടതി വിശദീകരിച്ചു.
കേസ് ഇങ്ങനെ
ഹർജിക്കാരുടെ കേസിൽ, പിതാവ് ജീവിച്ചിരിക്കുമ്പോൾ തന്നെ മകന് സ്വത്തുക്കൾ നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കോഴിക്കോട് സബ്കോടതിയിൽ പെൺമക്കൾ നൽകിയ ഹർജി തള്ളി. തുടർന്നുള്ള അപ്പീൽ അഡി. സെഷൻസ് കോടതി ഭാഗികമായി അനുവദിച്ചു. അതിനിടെ പിതാവ് മരിച്ചു. തുടർന്നാണ് തുല്യവകാശത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതി ഉത്തരവുകൾ നീതിയുക്തമല്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, കുടുംബ സ്വത്ത് ഹർജിക്കാർക്കും സഹോദരനും തമ്മിൽ തുല്യ ഓഹരികളാക്കാനും നിർദ്ദേശിച്ചു.
മകൾ 10 ആൺമക്കൾക്ക് തുല്യം
മകളിൽ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നുണ്ടെന്ന് ഹൈക്കോടതി. ഹൈന്ദവ വിശ്വാസത്തിലെ ലക്ഷ്മീദേവിയുമായി അവളെ താരതമ്യപ്പെടുത്താം. 10 ആൺമക്കൾ നൽകുന്ന ഫലം ഒരു മകൾ നൽകുമെന്ന് സ്കന്ദപുരാണത്തിൽ വ്യാഖ്യാനമുണ്ട്. എന്നാൽ, നിയമപ്രശ്നങ്ങൾ കാരണം അവൾക്ക് പിതൃസ്വത്തിൽ തുല്യ അവകാശമുന്നയിക്കാനാകാതെ വരികയാണെന്നും ജസ്റ്റിസ് എസ്. ഈശ്വരൻ ഉത്തരവിൽ വിലയിരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |