കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ സ്‌ഫോടനം നടന്ന സംഭവത്തിൽ പ്രതികരിച്ച് വീട്ടുടമ ദേവി. വീട് വാടകയ്ക്ക് എടുത്തത് അനൂപ് മാലിക്കാണെന്ന് ദേവി മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട മുഹമ്മദ് ആഷാമിനെ അറിയില്ലെന്നും വീട്ടിൽ പോയപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടിട്ടില്ലെന്നും അവർ വ്യക്തമാക്കി. പയ്യന്നൂരിൽ സ്‌പെയർപാർട്‌സ് കട നടത്തുന്നവരാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയതെന്നും വാടക കൃത്യമായി തന്നിരുന്നുവെന്നും ദേവി പറഞ്ഞു.
'മഴക്കാലം തുടങ്ങുന്നതിന് മുൻപ് വീട് നോക്കാൻ പോയിരുന്നു. അവിടെ വളരെ വൃത്തിയായിട്ടാണ് സൂക്ഷിച്ചിരുന്നത്. വീട് വാടകയ്ക്ക് കൊടുക്കുന്നുവെന്ന ബോർഡ് വച്ചിരുന്നു. ഇത് കണ്ടിട്ടാണ് അവർ വീട് എടുത്തത്'- ദേവി വ്യക്തമാക്കി.
അതേസമയം, സ്‌ഫോടനത്തിൽ ഒരാൾ മരിച്ച സംഭവം ക്രെെംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രെെംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഗമാണ് കേസ് അന്വേഷിക്കുന്നത്. സ്‌ഫോടനം നടന്ന് വീട് വാടകയ്‌ക്കെടുത്ത അനൂപിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. .സ്‌ഫോടകവസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഉത്സവങ്ങൾക്ക് വൻ തോതിൽ പടക്കം എത്തിക്കുന്ന ആളാണ് അനൂപ്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനൂപ് മാലിക്.
ഇന്ന് പുലർച്ചെ രണ്ടുമണിക്കാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീടിനുള്ളിൽ രണ്ടുപേരാണ് താമസിച്ചിരുന്നത്. രാത്രി എത്തുന്ന ഇവർ പുലർച്ചെ മടങ്ങാറാണ് പതിവ്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളിലും നാശനഷ്‌ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുവരുകളിൽ വിള്ളൽ വീഴുകയും ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |