ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട്: ലത്തീൻ സഭയുടെ കോഴിക്കോട് രൂപത അതിരൂപതയായി. കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലിനെ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി വത്തിക്കാൻ പ്രഖ്യാപിച്ചു. ഇതോടെ മലബാർ മേഖലയിൽ ആദ്യ ലത്തീൻ അതിരൂപതയായി. സുൽത്താൻ പേട്ട്, കണ്ണൂർ രൂപതകൾ കോഴിക്കോട് അതിരൂപതയ്ക്ക് കീഴിലായിരിക്കും. കോഴിക്കോടും വത്തിക്കാനിലും ഒരേ സമയമായിരുന്നു പ്രഖ്യാപനങ്ങൾ. തലശേരി രൂപത ബിഷപ് ജോസഫ് പാംപ്ലാനി വത്തിക്കാനിൽ നിന്നുള്ള മാർപ്പാപ്പയുടെ പ്രഖ്യാപനം വായിച്ചു. ഓശാന ഞായർ സമ്മാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ ജനതയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണ്. അതിരൂപത പദവിയും ആർച്ച് ബിഷപ്പ് പദവിയും ഒരുമിച്ച് ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ രൂപതാ ബിഷപ്പ് അലക്സ് വടക്കുംതല മാർപാപ്പയുടെ സന്ദേശത്തിന്റെ മലയാള പരിഭാഷ വായിച്ചു.
102 വർഷം പിന്നിടുമ്പോഴാണ് കോഴിക്കോട് രൂപത അതിരൂപതയാവുന്നത്. 1923 ജൂൺ 12നാണ് കോഴിക്കോട് രൂപത നിലവിൽ വന്നത്.
കേരള കത്തോലിക്കാ സഭയിലെ മൂന്നാമത്തെ അതിരൂപതയാണ് കോഴിക്കോട് അതിരൂപത. വരാപ്പുഴ, തിരുവനന്തപുരം എന്നിവയായിരുന്നു നേരത്തെ ഉണ്ടായ ലത്തീൻ അതിരൂപതകൾ. കോഴിക്കോട് അതിരൂപതയുടെ ആദ്യ ആർച്ച് ബിഷപ്പായ ഡോ. വർഗീസ് ചക്കാലക്കൽ തൃശൂർ മാള സ്വദേശിയാണ്. 2012 മുതൽ കോഴിക്കോട് രൂപത ബിഷപ്പാണ് . കണ്ണൂർ രൂപതാ മെത്രാൻ അലക്സ് വടക്കുംതല, താമരശ്ശേരി രൂപതാ മെത്രാൻ റെമീജിയോസ് ഇഞ്ചനാനിയിൽ, സുൽത്താൻ പേട്ട് മെത്രാൻ ആന്റണി സാമി തുടങ്ങിയവർ ആശംസയർപ്പിച്ചു. മുഖ്യമന്ത്രി നേരിട്ടെത്തി ഡോ. വർഗീസ് ചക്കാലക്കലിന് ആശംസ നേർന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, എം.കെ.രാഘവൻ എം.പി, ടി.സിദ്ദിഖ് എം.എൽ.എ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ആശംസ നേരാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |