കുറുപ്പംപടി: പൂപ്പാറ മേഖലയെ വിറപ്പിക്കുന്ന അരിക്കൊമ്പനായി കൂട് നിർമ്മിച്ച് കാത്തിരിക്കുകയാണ് കോടനാട്ടുകാരും ആനപ്രേമികളും. കൂട്ടിലെത്തിച്ച് മെരുക്കാനുള്ള ഒരുക്കങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരും പൂർത്തിയാക്കി. ആർ.ആർ.ടി സംഘം മൂന്നാറിൽ തമ്പടിച്ച് അരിക്കൊമ്പനെ നിരീക്ഷിക്കുകയാണ്.
മൂന്നാറിന് സമീപം പൂപ്പാറയാണ് അരിക്കൊമ്പന്റെ വിഹാരകേന്ദ്രം. കടകളിലെ അരി തട്ടിയെടുത്ത് കഴിക്കുന്നതിനാലാണ് അരിക്കൊമ്പനെന്ന പേര് ലഭിച്ചത്.
ഫോറസ്റ്റ് വാച്ചറെയുൾപ്പെടെ കൊന്നതോടെയാണ് അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് തീരുമാനിച്ചത്.
ആനയെ പിടികൂടിയാൽ വാഹനത്തിൽ കപ്രിക്കാട്ടെ ആനത്താവളമായ അഭയാരണ്യത്തിലെത്തിച്ച് പ്രത്യേക കൂട്ടിൽ താമസിപ്പിക്കും. കുങ്കിയാനകളുടെ സഹായത്തോടെ മെരുക്കും. വിദഗ്ദ്ധരായ ഡോക്ടർമാരും പാപ്പാന്മാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ഇതിന് സജ്ജമായിട്ടുണ്ട്.
അരിക്കൊമ്പൻ എത്തിയാൽ സന്ദർശകർ പ്രവഹിക്കുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്. കൂടുപണി തുടങ്ങിയപ്പോൾ മുതൽ സന്ദർശകരുടെ വരവ് കൂടിയിട്ടുണ്ട്. അരിക്കൊമ്പനെ കാണാൻ ആളുകളെത്തുന്നത് സമീപപ്രദേശങ്ങൾക്കും ഗുണകരമാകും. ഇവിടെ കടകൾ മോടിപിടിപ്പിക്കുകയും പുതിയ കച്ചവട സ്ഥാപനങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. അഭയാരണ്യം ജീവനക്കാർ സന്ദർശകരുടെ തിരക്ക് നേരിടാൻ ആവശ്യമായ ഒരുക്കങ്ങളും ആരംഭിച്ചു.
പീലാണ്ടിക്കുശേഷം ഏഴുവർഷം കഴിഞ്ഞാണ് ആനയെ കപ്രിക്കാട്ടേക്ക് കൊണ്ടുവരുന്നത്. ആനയുടെ വരവ് അഭയാരണ്യത്തിനും സമീപ പ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും വലിയ ഉണർവേകും.
എം.എസ്. സുകുമാരൻ
പ്രസിഡന്റ്
കപ്രിക്കാട് വനസംരക്ഷണ സമിതി
വയനാട്ടിലെ ആർ.ആർ.ടി സംഘമാണ് ആനയെ കൂട്ടിൽ എത്തിക്കുക. പ്രദേശവുമായി ഇണങ്ങുന്നതുവരെ പരിചരണം നൽകാൻ വിദഗ്ദ്ധ പരിശീലനം ലഭിച്ചവരെ നിയോഗിക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ് ഭക്ഷണവും പരിചരണവും മറ്റു ക്രമീകരണങ്ങളും നടത്തുന്നത്.
ജയ് മാധവ്
എ.സി.എഫ്
കോടനാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |