എവിടേക്കു മാറ്റുന്നതിനും എതിർപ്പില്ല
കൂട്ടിലടയ്ക്കാൻ അനുവദിക്കില്ല
കൊച്ചി: ചിന്നക്കനാലിൽ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ കഴിയില്ലെങ്കിൽ വേറെ എവിടേക്കെന്ന് സർക്കാർ ഒരാഴ്‌ചയ്ക്കുള്ളിൽ തീരുമാനിച്ച് അറിയിക്കണമെന്ന് ഹൈക്കോടതി. കൂട്ടിലടയ്ക്കാൻ അനുവദിക്കില്ല. ആനയെ എവിടേക്കു മാറ്റുന്നതിനും കോടതിക്ക് എതിർപ്പില്ല. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ കൊണ്ടുവരുന്നതിനെതിരെ നെന്മാറ എം.എൽ.എ കെ.ബാബു നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.
മറ്റൊരു സ്ഥലം നിർദ്ദേശിക്കാനായില്ലെങ്കിൽ മുൻ ഉത്തരവനുസരിച്ച് പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റണം. അതുവരെ ചിന്നക്കനാൽ മേഖലയിൽ വനം ഉദ്യോഗസ്ഥർ മുഴുവൻ സമയവും അരിക്കൊമ്പനെ നിരീക്ഷിക്കണം. ആക്രമണമുണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തണം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നത് മുതലമട പഞ്ചായത്തിലെ ജനങ്ങളെ ബാധിക്കുമെന്നതിനാൽ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് കെ. ബാബു ഹർജി നൽകിയത്.
ടാസ്ക് ഫോഴ്സ് രൂപീകരിക്കാൻ വൈകുന്നതെന്തെന്ന് കോടതി വനം വകുപ്പിനോട് ചോദിച്ചു. ആനകൾ കാടിറങ്ങുന്ന പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിൽ സർക്കാർ വീഴ്ച വരുത്തുകയാണ്. ഹർജി പരിഗണിക്കാൻ 19ന് ഡിവിഷൻ ബെഞ്ച് സ്പെഷ്യൽ സിറ്റിംഗ് നടത്തും.
രാഷ്ട്രപതിയുടെ വാക്കുകൾ
ഉദ്ധരിച്ച് ഡിവിഷൻ ബെഞ്ച്
ദേശീയ പൈതൃകമെന്ന നിലയിൽ ആനകളെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവു തുടങ്ങുന്നത്. ഹർജിയിലെ ആശങ്കകൾ അടിസ്ഥാനരഹിതമാണ്. അരിക്കൊമ്പൻ മുതലമടയിലെ ജനങ്ങൾക്ക് ഭീഷണിയാകുമെന്ന വാദം ശരിയല്ല. അരിക്കൊമ്പനെ പെരിയാർ മേഖലയിലേക്ക് മാറ്റാൻ തീരുമാനിച്ചാലും എതിർപ്പുണ്ടാകും. ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനമെടുത്ത് അറിയിക്കണം. ജനപ്രതിനിധികൾ പോലും ഇക്കാര്യത്തിൽ ഉത്തരവാദിത്വമില്ലാത്ത പ്രസ്താവനകളാണ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |