കുമളി: ചിന്നക്കനാലിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട് വനമേഖലയിലെത്തി. ഇന്നലെ ഉച്ചയ്ക്ക് ലഭിച്ച റേഡിയോ കോളർ സിഗ്നലിൽ ഇത് സ്ഥിരീകരിച്ചു. തമിഴ്നാടിന്റെ ഉടമസ്ഥതയിലുള്ള മേഘമല കടുവ സങ്കേതം പരിധിയിലെ ചുരുളിയാറിലാണുള്ളത്. ഇവിടെ നിന്ന് പുറത്തിറങ്ങിയാൽ തേയില തോട്ടമാണ്. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾ ഇവിടെയുണ്ട്. അതിനാൽ ജാഗ്രത പാലിക്കാൻ തമിഴ്‌നാട് വനംവകുപ്പ് നിർദ്ദേശം നൽകി. ആന വനത്തിന് പുറത്തേക്ക് ഇറങ്ങുന്നത് തടയാൻ വനപാലക സംഘത്തെയും നിയോഗിച്ചു.
തുറന്നുവിട്ട കരടിക്കവലയ്ക്കും സീനിയറോടയ്ക്കും ഇടയിലുള്ള സ്ഥലത്ത് നിന്ന് 25 കിലോമീറ്ററോളം അകലെയാണ് ഇപ്പോഴുള്ളത്. മംഗളദേവി വനമേഖലയിൽ നിന്നാണ് മേഘമലയിലേക്ക് പോയത്. ഇന്ന് മംഗളദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവമായതിനാൽ നിരവധിപേരെത്തും. അരിക്കൊമ്പൻ ഈ ഭാഗത്തേക്ക് തിരികെ വരാൻ സാദ്ധ്യതയുള്ളതിനാൽ കൂടുതൽ വനപാലകരെ നിയോഗിച്ചു. ആവശ്യമെങ്കിൽ പടക്കം പൊട്ടിച്ച് തുരത്താനും നിർദ്ദേശം നൽകി.
മൂന്നു ദിവസത്തിനിടെ 30ലധികം കിലോമീറ്ററാണ് ആന സഞ്ചരിച്ചത്. ബുധനാഴ്ച വൈകിട്ട് പെരിയാർ കടുവ സങ്കേതത്തിലെ മാവടി ഭാഗത്തായിരുന്നു. ഇവിടെ വാച്ചർമാർ ആനയെ കണ്ടിരുന്നു. രാത്രിയിലാണ് ഇവിടെ നിന്ന് സഞ്ചാരം തുടങ്ങിയത്. വട്ടത്തൊട്ടി, ഹൈവേസ് അണക്കെട്ട്, അപ്പർ മണലാർ സ്ഥലങ്ങൾക്ക് സമീപത്തെ അതിർത്തി വനമേഖലയിലൂടെ ഇരവങ്കലാർ ഭാഗത്തെത്തി. ഇവിടെ നിന്നാണ് ചുരുളിയാറിൽ എത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സഞ്ചരിച്ച പാതയിലൂടെ തന്നെ അങ്ങോട്ടും ഇങ്ങോട്ടും പോയതായി സിഗ്‌നൽ ലഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |