
തൃശൂർ: മാതൃരാജ്യത്തിനായി വീരമൃത്യു പ്രാപിച്ച മലയാളി സൈനികന്റെ സ്മരണയ്ക്കായി ഉത്തർപ്രദേശിലെ മീററ്റിൽ പ്രതിമ സ്ഥാപിച്ചു. ഇന്ത്യ- പാക് യുദ്ധത്തിനിടെ പാകിസ്ഥാന്റെ ഷെല്ലാക്രമണത്തിൽ വീരമൃത്യു വരിച്ച പെരിങ്ങോട്ടുകര വടക്കുംമുറി വാഴപ്പുള്ളി വീട്ടിൽ കുമാരൻ- നാരായണി ദമ്പതികളുടെ മകൻ വി.കെ.പ്രേമചന്ദ്രന്റെ പ്രതിമയാണ് സ്ഥാപിച്ചത്. മഹാവീർ ചക്ര റജിമെന്റിന്റെ ഡയമണ്ട് ജൂബിലി ആചരണത്തോടനുബന്ധിച്ചാണ് സൈനികരുടെ ആദരസമർപ്പണം. പ്രേമചന്ദ്രന്റെ പേരിൽ തെരുവുകൂടി ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൈന്യം. സൈനികന്റെ സഹോദരി വി.കെ.ലളിതയെ സൈന്യം നേരിട്ടെത്തി വിമാനമാർഗം മീററ്റിലെത്തിച്ച് ആദരമർപ്പിച്ചു. 54 വർഷം മുൻപാണ് പ്രേമചന്ദ്രന്റെ വിയോഗം.
1971ൽ ജമ്മുവിലെ സാംബ സെക്ടറിൽ മോട്ടോർ ബൈക്കിൽ ഇന്ത്യൻ സൈന്യത്തിന് ശത്രുക്കളെക്കുറിച്ച് സന്ദേശം കൈമാറാൻ പോകുന്നതിനിടെയാണ് നായിക് പ്രേമചന്ദ്രൻ വീരചരമമടഞ്ഞത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരാൻപോലും കഴിഞ്ഞില്ലെന്ന് സഹോദരി ലളിത 'കേരള കൗമുദി"യോട് പറഞ്ഞു.
19-ാം വയസിൽ സൈന്യത്തിൽ
19-ാം വയസിൽ ദില്ലി റെജിമെന്റിലായിരുന്നു നിയമനം. യുദ്ധം ആരംഭിക്കും മുമ്പ് പാക് അതിർത്തിയുടെ അടുത്ത് സാംബ സെക്ടറിലേക്ക് പോയി. 26-ാം വയസിലായിരുന്നു വീരമൃത്യു. പ്രേമചന്ദ്രൻ വിടവാങ്ങുമ്പോൾ സഹോദരി ലളിതയ്ക്ക് 15 വയസായിരുന്നു. അന്ന് ഉന്നത സൈനികരും മന്ത്രിമാരും എം.എൽ.എമാരുമടക്കം ആശ്വസിപ്പിക്കാൻ വീട്ടിലെത്തി. സഹോദരനോടുള്ള ആദരത്തിന്റെ ഭാഗമായി സർക്കാർ താന്ന്യം സ്‌കൂളിൽ ക്ലാർക്കായി ജോലി നൽകിയിരുന്നു.
ടെലഗ്രാമായാണ് മരണവാർത്ത എത്തിയത്. ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ടിരുന്ന ഞങ്ങൾക്ക് താങ്ങും തണലുമായിരുന്നു ജ്യേഷ്ഠൻ. മറ്റൊരു സഹോദരനടക്കം മൂന്നു മക്കളായിരുന്നു. ജ്യേഷ്ഠന്റെ മരണശേഷം അമ്മയ്ക്ക് ആശ്രിത പെൻഷൻ ലഭിച്ചു.
- ലളിത,
പ്രേമചന്ദ്രന്റെ സഹോദരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |