
കൊല്ലം: മസ്‌കുലാർ ഡിസ്ട്രോഫിയെന്ന അപൂർവ ജനിതകരോഗം ജീവിതം വീൽച്ചെയറിലാക്കിയെങ്കിലും ആർഷബോസ് സ്വപ്നങ്ങൾക്ക് പിന്നാലെ പറക്കുകയാണ്. കൊല്ലം എസ്.എൻ കോളേജിൽ നിന്ന് എം.കോം മാർക്കറ്റിംഗിൽ ഒന്നാം റാങ്കോടെ പാസായ ഈ 24കാരി കഴിഞ്ഞ ദിവസം കോളേജിൽ ബാങ്കിംഗിൽ ഗവേഷണ വിദ്യാർത്ഥിനിയായി പ്രവേശിച്ചു.
അസി. പ്രൊഫസറായ വിഷ്ണുവാണ് ഗൈഡ്. ആദ്യ ചാൻസിൽ തന്നെ നെറ്റും ജെ.ആർ.എഫും സ്വന്തമാക്കി. 2024ൽ പഠനമികവിന് ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും ആർഷ സ്വന്തമാക്കിയിരുന്നു.
മൂന്നര വയസുള്ളപ്പോഴാണ് മസ്‌കുലാർ ഡിസ്‌ട്രോഫി രോഗം തിരിച്ചറിഞ്ഞത്. നടക്കുമ്പോഴും സ്റ്റെപ്പുകൾ കയറുമ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചു. തുടർന്ന് രോഗം സ്ഥിരീകരിച്ചു. രോഗത്തിന് മരുന്നില്ലെന്നറിഞ്ഞതോടെ വടക്കേവിള വലിയകൂനമ്പായിക്കുളം ന്യൂനഗർ 65 തെക്കേകളീലിൽ വീട്ടിൽ അച്ഛൻ ചന്ദ്രബോസും അമ്മ അജന്തകുമാരിയും തകർന്നു.
ഗൾഫിലായിരുന്ന ചന്ദ്രബോസ് ജോലി ഉപേക്ഷിച്ചു. പഠിക്കാൻ മിടുക്കിയാണെന്ന് തിരിച്ചറിഞ്ഞതുമുതൽ അവളുടെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കുകയാണ് മാതാപിതാക്കൾ. കോളേജ് പ്രൊഫസർ ആകണമെന്നാണ് ആർഷയുടെ ആഗ്രഹം.
പത്താം ക്ലാസിൽ വീൽച്ചെയറിലേക്ക്
ഒൻപതാം ക്ലാസ് വരെ പതിയെ നടക്കുമായിരുന്നു. എന്നാൽ പത്താം ക്ലാസായതോടെ പൂർണമായും വീൽച്ചെയറിലായി. അന്നുമുതൽ മാരുതി വാനിൽ ചക്രക്കസേരയിൽ മകളെയിരുത്തി ചന്ദ്രബോസ് സ്കൂളിൽ കൊണ്ടുപോയി. ഇതിനിടയിൽ കിട്ടുന്ന സമയത്ത് കൂലിപ്പണിക്ക് പോയി അദ്ദേഹം കുടുംബം പുലർത്തി.
മസ്‌കുലാർ ഡിസ്‌ട്രോഫി
ശരീരചലനത്തെ ബാധിക്കുന്ന അപൂർവമായ ജനിതക രോഗം. ശരീരത്തിന്റെ ചലനശേഷി ക്രമേണ നഷ്ടമാകും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സഹായിക്കുന്ന പേശികളെയും ബാധിച്ചേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |