തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ മാർച്ച് 5ന് പൊങ്കാല ഉത്സവത്തിന് തുടക്കമാകും. 13നാണ് പൊങ്കാല. ഉത്സവത്തിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്.വേണുഗോപാൽ, പ്രസിഡന്റ് വി.ശോഭ, സെക്രട്ടറി കെ.ശരത്കുമാർ എന്നിവർ അറിയിച്ചു.
5ന് രാവിലെ 10ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവം ആരംഭിക്കുക. അപ്പോൾ തന്നെ തോറ്റംപാട്ടും തുടങ്ങും. വൈകിട്ട് 6ന് കലാപരിപാടികളുടെ ഉദ്ഘാടനം ചലചിത്ര താരം നമിതാ പ്രമോദ് നിർവഹിക്കും. ആറ്റുകാൽ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമ്മാനിക്കും.
മൂന്നാം ഉത്സവ ദിവസമായ ഏഴിന് രാവിലെ 9.15ന് കുത്തിയോട്ട വ്രതാരംഭം. 13ന് രാവിലെ 10.15ന് പൊങ്കാലയുടെ അടുപ്പുവെട്ട്. ഉച്ചയ്ക്ക് 1.15ന് പൊങ്കാല നിവേദ്യം. രാത്രി 7.45ന് കുത്തിയോട്ടത്തിനുള്ള ചൂരൽകുത്ത്. രാത്രി 11.15ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള പുറത്തെഴുന്നള്ളിപ്പ്. 14ന് രാവിലെ 8ന് അകത്തെഴുന്നള്ളിപ്പ്. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. ഒന്നിന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവം സമാപിക്കും. ഉത്സവ ദിവസങ്ങളിൽ രാവിലെ 10.30 മുതൽ അംബ,കാർത്തിക ഓഡിറ്റോറിയങ്ങളിൽ പ്രസാദഊട്ട് ഉണ്ടാകും.
ട്രസ്റ്റ് ഭാരവാഹികളായ എ.ഗീതാകുമാരി, പി.കെ.കൃഷ്ണൻനായർ, എ.എസ്.അനുമോദ്, ഉത്സവകമ്മിറ്റി ജനറൽ കൺവീനർ ഡി.രാജേന്ദ്രൻ നായർ, ജോയിന്റ് ജനറൽ കൺവീനർ എം.എസ്.ജ്യോതിഷ്‌കുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ജയറാമിന്റെ പഞ്ചാരിമേളം 9ന്
അംബ, അംബിക, അംബാലിക വേദികളിലാണ് കലാപരിപാടികൾ നടക്കുക. രാവിലെ 5 മുതൽ രാത്രിവരെ ഭജന, പുരാണപാരായണം, ശാസ്ത്രീയനൃത്തം, ഭരതനാട്യം തുടങ്ങിയവ അരങ്ങേറും. അഞ്ചിന് രാത്രി 10ന് സൂര്യ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന മെഗാഷോ. ആറിന് രാത്രി 8ന് ചലച്ചിത്രതാരം ജയരാജ് വാര്യരും പിന്നണി ഗായകൻ കല്ലറ ഗോപനും നയിക്കുന്ന മധുര സംഗീത രാത്രി.
ഏഴിന് വൈകിട്ട് 6.30ന് എ.ഡി.ജി.പി ശ്രീജിത്തും സംഘവും നയിക്കുന്ന സംഗീത സന്ധ്യ. 10ന് സംഗീതസംവിധായകൻ മനോ നയിക്കുന്ന ഗാനമേള. 9ന് വൈകിട്ട് 6ന് 101 കലാകാരൻമാരെ അണിനിരത്തി ചലച്ചിത്രതാരം ജയറാം നയിക്കുന്ന പഞ്ചാരിമേളം. പത്തിന് രാത്രി 10ന് പിന്നണി ഗായകൻ അതുൽ നറുകര നയിക്കുന്ന നാടൻപാട്ട്. 11ന് രാത്രി 10ന് ചലച്ചിത്ര താരങ്ങളായ പത്മപ്രിയ, മിയ, പ്രിയങ്ക നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ താളമേളം മെഗാഷോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |