തിരുവനന്തപുരം: ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ, കേരളം അമേരിക്കയെയും കടത്തിവെട്ടി നേട്ടം കുറിച്ചു. ആയിരം ശിശുക്കളിൽ അഞ്ചുപേർക്ക് മാത്രമാണ് കേരളത്തിൽ ജീവഹാനി സംഭവിക്കുന്നത്. യു.എസിലെ ശിശുമരണ നിരക്ക് 5.6 ആണ്. 2023ലെ കണക്കാണ് പുറത്തുവന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മിഷണർ പുറത്തുവിട്ട സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരമാണിത്.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. വികസിത രാജ്യങ്ങളേക്കാൾ കുറവാണ് ഇപ്പോൾ കേരളത്തിലെ ശിശുമരണ നിരക്ക്. കേരളത്തിലെ നവജാത ശിശുമരണ നിരക്ക് നാലിൽ താഴെയാണ്. ഇത് വികസിത രാജ്യങ്ങൾക്ക് തുല്യമാണ്. ദേശീയ തലത്തിൽ 18.
കേരളം ആരോഗ്യ രംഗത്ത് നടത്തുന്ന മികച്ച പ്രവർത്തനങ്ങളുടെ നേട്ടമാണിതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ആദിവാസി, തീരദേശ മേഖലകളിലുൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കും ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നു എന്നതിന്റെ തെളിവാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രസവം നടക്കുന്ന 16 ആശുപത്രികൾക്ക് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷനും ആറ് ആശുപത്രികൾക്ക് ദേശീയ മുസ്‌കാൻ അംഗീകാരവും നിലവിലുണ്ട്.
പത്തുവർഷത്തിനുള്ളിൽ
കുത്തനെ കുറഞ്ഞു
(മരണനിരക്ക് ആറു മാസം മുതൽ 12 വയസുവരെ)
2015............12
2018............7
2021.............6
2023............5
മാതൃ- ശിശു സൗഹൃദ ആശുപത്രി
1. രാജ്യത്ത് ആദ്യമായി മാതൃ- ശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റീവ് പദ്ധതി നടപ്പിലാക്കി. നവജാതശിശുക്കൾക്ക് തീവ്രപരിചരണ യൂണിറ്റുകൾ.
2. ജന്മനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്താൻ എല്ലാ ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്‌ക്രീനിംഗ്. അപൂർവ ജനിതക രോഗങ്ങൾക്ക് സൗജന്യ ചികിത്സ.
3. ജന്മനായുള്ള ഹൃദ്രോഗത്തിന് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ഹൃദ്യം പദ്ധതിയിൽ കുഞ്ഞുങ്ങളുടെ ആദ്യ 1000 ദിനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ള പരിചരണം.
പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളുടെയും നിലവാരം ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കുകയാണ്.
-വീണാ ജോർജ്
ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |