
തിരുവനന്തപുരം: ശബരിമലയിലെ ഭക്തജന തിരക്കുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി നിരീക്ഷണങ്ങളെ മാനിക്കുന്നെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മണ്ഡല -- മകരവിളക്കുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ ആറ് മാസം മുമ്പുതന്നെ തുടങ്ങേണ്ടതായിരുന്നെന്നും ദേവസ്വം ബോർഡ് ഒഴിയുന്ന സമയമായതുകൊണ്ടാകാം ഇങ്ങനെ നടന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല സീസണുമായി ബന്ധപ്പെട്ട് ഒരു ഫെസ്റ്റിവൽ മാന്വൽ തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കെ ജയകുമാർ പറഞ്ഞു. ശബരിമലയിൽ സർക്കാർ വകുപ്പുകളുടെ ഏകോപനക്കുറവ് ഉണ്ടായിട്ടില്ലെന്നും ദേവസ്വം ബോർഡിന് അകത്തുള്ള വകുപ്പുകളുടെ ഏകോപനത്തിലാണ് പോരായ്മ സംഭവിച്ചതെന്നും അദ്ദേഹം വിലയിരുത്തി.
പൊലീസിന്റെ ഏകോപനം കുറച്ചുകൂടി മെച്ചപ്പെടുത്താൻ നിർദേശിച്ചതായും ജയകുമാർ വ്യക്തമാക്കി. ഇന്നലെയുണ്ടായ തിരക്ക് അപകട സൂചനയായിട്ടാണ് കാണുന്നതെന്നും അത് ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരുടെയും ദർശനം നിഷേധിക്കില്ലെന്നും ജയകുമാർ പ്രതികരിച്ചു. പമ്പയിലും നിലയ്ക്കലും ഭക്തരെ ക്രമീകരിച്ചുകൊണ്ടുമാത്രമേ ദർശനം അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ശബരിമലയിൽ നിയന്ത്രണാതീതമായ തിക്കും തിരക്കുമാണ് ഉണ്ടായത്. ദർശനത്തിനായി എട്ടുമണിക്കൂറിലധികം കാത്തുനിന്ന തീർത്ഥാടകരിൽ പലരും കുഴഞ്ഞുവീണു. കുടിവെള്ളംപോലും കിട്ടിയില്ല.
മണിക്കൂറുകൾ കാത്തുനിന്നിട്ടും ക്യൂ ചലിക്കാതെ വന്നതോടെ മരക്കൂട്ടത്തുനിന്ന് വനത്തിലൂടെയും ചന്ദ്രാനന്ദൻ റോഡുവഴിയും ഭക്തർ കൂട്ടമായി സന്നിധാനത്തേക്ക് തള്ളിനീങ്ങി. പൊലീസ് ബാരിക്കേഡുകൾ തള്ളിമാറ്റിയും മറികടന്നും എത്തിയ തീർത്ഥാടകർ പതിനെട്ടാം പടി കയറാൻ കാത്തുനിന്നവർക്കിടയിലേക്ക് ഇരച്ചുകയറിയത് സ്ഥിതി വഷളാക്കി. ഇതോടെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളെല്ലാം പാളിയതാണ് കാരണമെന്ന ആക്ഷേപം ശക്തമാകുകയും ചെയ്‌തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |