ന്യൂഡൽഹി: സുപ്രീം കോടതി വിധിയെ കൂട്ടുപിടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും നോട്ടുനിരോധനം സംബന്ധിച്ച വാക്പോര് കടുപ്പിച്ചു.
നോട്ട് നിരോധനത്തെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പു പറയണമെന്ന് ബി.ജെ.പി ദേശീയ വക്താവ് രവി ശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
നോട്ട് നിരോധനത്തിനെതിരെ രാഹുൽ രാജ്യത്തും വിദേശത്തും പ്രചാരണം നടത്തി. അത് നിർഭാഗ്യകരമായിരുന്നു. ചിദംബരം അടക്കം കോൺഗ്രസ് നേതാക്കൾ ഭൂരിപക്ഷ വിധിയെക്കുറിച്ച് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും രവി ശങ്കർ പ്രസാദ് ചോദിച്ചു.
നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ കുതിച്ചുയർന്നു. പാവപ്പെട്ടവർ പോലും ഡിജിറ്റൽ പണമിടപാടുകൾ ഉപയോഗിക്കുന്നു. ഭീകരവാദത്തിനുള്ള ധനസഹായം നിയന്ത്രിക്കുന്നതിലും നോട്ട് അസാധുവാക്കൽ വലിയ സേവനമാണ് ചെയ്തതെന്നും രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി.
ലക്ഷ്യം കണ്ടില്ലെന്ന് കോൺഗ്രസ്
നോട്ട് അസാധുവാക്കിയതിലൂടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ പൂർത്തീകരിച്ചോയെന്ന് സുപ്രീംകോടതി വിധിയിൽ പറയുന്നില്ലെന്ന് കോൺഗ്രസ് പ്രചരണവിഭാഗം മേധാവി ജയ്‌റാം രമേശ് പ്രതികരിച്ചു. കറൻസി കുറയ്ക്കുക, പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുക, കള്ളപ്പണം തടയുക, ഭീകരവാദം അവസാനിപ്പിക്കുക, കള്ളപ്പണം കണ്ടെത്തുക തുടങ്ങിയ ലക്ഷ്യങ്ങളൊന്നും കാര്യമായ അളവിൽ കൈവരിക്കാനായില്ല.
ഭൂരിപക്ഷം സുപ്രീം കോടതി വിധി തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പ്രക്രിയയുടെ സാങ്കേതികതയിലാണ് കേന്ദ്രീകരിച്ചത്. സുപ്രീംകോടതി നോട്ട് നിരോധനം ശരിവച്ചു എന്ന് പറയുന്നത് തികച്ചുംതെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യാഘാതം പറയാത്ത
വിധി: സി.പി.എം
തീരുമാനം എടുക്കാനുള്ള സർക്കാരിന്റെ നിയമപരമായ അവകാശം മാത്രമാണ് നോട്ട് നിരോധനം സംബന്ധിച്ച വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ഉയർത്തിപ്പിടിച്ചതെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടി. നോട്ട് നിരോധനം സമൂഹത്തിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെക്കുറിച്ച് പരാമർശമില്ല. സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ചെറുകിട വ്യവസായ മേഖലയെ സ്തംഭിപ്പിച്ചതും പരാമർശിച്ചില്ല.
വിദേശ ബാങ്കുകളിൽ നിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരൽ, ഭീകര
ഫണ്ടിംഗ്, അഴിമതി പണം കുറയ്ക്കൽ തുടങ്ങിയ ലക്ഷ്യങ്ങളൊന്നും നടപ്പായിട്ടില്ല. ഡിജിറ്റൽ പണമിടപാട് കൂടിയെന്ന് പറയുമ്പോഴും ആർ.ബി.ഐ കണക്കു പ്രകാരം പൊതുജനങ്ങളുടെ പക്കലുള്ള കറൻസി നോട്ട് നിരോധനത്തിന്റെ തലേന്ന് 17.7 ലക്ഷം കോടി
ആയിരുന്നത് ഇപ്പോൾ 30.88 ലക്ഷം കോടിയായി ഉയർന്നു(71.84 ശതമാനം വർദ്ധനവ്).
മോദിയെ വേട്ടയാടിയവർക്കുള്ള
പ്രഹരം: വി. മുരളീധരൻ
ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ പേരിൽ പ്രധാനമന്ത്രിയെ വേട്ടയാടിയവർക്കുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഫേസ്ബുക്ക് കുറിപ്പ്. നോട്ട് നിരോധനമെന്ന സുപ്രധാന തീരുമാനത്തിലൂടെ രാജ്യത്തിന്റെ നന്മയാണ് നരേന്ദ്ര മോദി ലക്ഷ്യമിട്ടതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കുകയും സുതാര്യമാക്കുകയും ചെയ്ത വിപ്ലവകരമായ നിലപാടായിരുന്നു നോട്ട നിരോധനം.
കോടതി നോക്കിയത്
നിയമവശം മാത്രം:
മന്ത്രി ബാലഗോപാൽ
തിരുവനന്തപുരം:നോട്ട് നിരോധനം രാജ്യത്തെ തകർത്തുവെന്നും
സുപ്രീം കോടതി പരിഗണിച്ചത് നിരോധനത്തിന്റെ നിയമപരമായ സാധുത മാത്രമാണെന്നും
ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു.
പൊട്ടിച്ച മുട്ട തിരിച്ച് മുട്ടയാക്കാൻ കഴിയാത്തതുപോലെയാണ് നോട്ട് നിരോധനം സംബന്ധിച്ച സുപ്രീംകോടതി പരിശോധന. കേന്ദ്രസർക്കാർ നടപ്പാക്കിയ രീതിയിലെ നിയമവശം മാത്രമാണ് കോടതി പരിശോധിച്ചത്.നടപടി കോടതി അംഗീകരിച്ചെങ്കിലും
നിയമനിർമ്മാണത്തിലൂടെ ചെയ്യേണ്ടതായിരുന്നുവെന്ന
വിയോജിക്കുന്ന വിധിയും ഉണ്ടായി.നോട്ട് നിരോധനം കൊണ്ട് ഒരു ഫലവും ഉണ്ടായില്ല.അത് സമൂഹത്തിൽ ഏൽപിച്ച ആഘാതം മാറിയിട്ടുമില്ല.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് ശരിയാണ്. എന്നാൽ സംസ്ഥാനത്തെ ഒരു നടപടിയെയും അത് ബാധിച്ചിട്ടില്ല. കേന്ദ്രസർക്കാരിന്റെ പ്രതികൂല നടപടികളും നയങ്ങളുമാണ് സംസ്ഥാനത്ത് സാമ്പത്തികഞെരുക്കമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |