SignIn
Kerala Kaumudi Online
Saturday, 27 April 2024 7.07 AM IST

ബ്ലാക്ക് ഫംഗസ് അപകടകാരി, കരുതൽ വേണം

black-fungus

തിരുവനന്തപുരം:കൊവിഡ് രോഗികളെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് ( മ്യൂകോർമൈക്കോസിസ്)​ രോഗം പ്രതിരോധിക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് തീവ്രശ്രമം തുടങ്ങി. രോഗപ്രതിരോധ ശേഷി തീരെ കുറയുമ്പോൾ ബാധിക്കുന്ന ഫംഗസ് രോഗമാണിത്. അമിതമായ ഭയം വേണ്ടെങ്കിലും വളരെ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദ്ധനിർദ്ദേശം.

സംസ്ഥാനത്ത് 15 പേരിലാണ് രോഗം കണ്ടത്. ഒരാൾ മരിക്കുകയും ചെയ്‌തു. കടുത്ത പ്രമേഹം ഉള്ളവരും പ്രതിരോധ ശേഷി അപ്പാടെ കുറഞ്ഞവരുമാണ് എല്ലാം. സംസ്ഥാനത്ത് പ്രമേഹരോഗികൾ വളരെ കൂടുതലായതിനാലാണ് ആശങ്ക കൂടുന്നത്. രോഗപ്രതിരോധത്തിന് മാർഗരേഖ ഇറക്കിയിട്ടുണ്ട്.

ഐ.സി.യുവിൽ ഉൾപ്പെടെ തുടർച്ചയായി ചികിത്സയിൽ കഴിയുന്നവർക്ക് പ്രതിരോധ ശേഷി കുറയാം. ഇക്കൂട്ടരിലും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പ്രതിരോധശേഷി കുറഞ്ഞവരിൽ ലക്ഷണങ്ങൾ കണ്ടാൽ പ്രത്യേകം ശ്രദ്ധിക്കണം. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ല

രോഗരേണുക്കൾ മണ്ണിലും വായുവിലും

ബ്ലാക്ക് ഫംഗസ് സൂക്ഷ്‌മ ജീവിയാണ്. അന്തരീക്ഷത്തിലുള്ള അതിന്റെ അതിസൂക്ഷ്മമായ ബീജരേണുക്കൾ ( Spores) ആണ് രോഗത്തിന് കാരണമാകുന്നത്. മൂക്കിലൂടെയും വായിലൂടെയും ശരീരത്തിൽ കടക്കും. മാസ്‌ക് ധരിക്കണം. തൊലിപ്പുറത്ത് മുറിവോ ചതവോ ഉണ്ടെങ്കിലും കടക്കാം. മണ്ണിലും ഫംഗസുണ്ട്. പൂന്തോട്ടങ്ങളിലും പൊടിപടലങ്ങളിലും ചീഞ്ഞ മാലിന്യങ്ങളുള്ള ചുറ്റുപാടിലും ശ്രദ്ധിക്കണം.

രോഗ ലക്ഷണങ്ങൾ

കണ്ണിനും മൂക്കിനും ചുറ്റും വേദന,ചുവപ്പോ കറുപ്പോ നിറം,​ മൂക്കടപ്പ്,​ മൂക്കിൽ നിന്ന് കറുപ്പോ,​ രക്തനിറത്തിലോ സ്രവം വരിക,​ മുഖത്ത് വേദന,​ തരിപ്പ്,​ പല്ല് വേദന,​ കാഴ്ച മങ്ങൽ,​ പനി,​ അസഹ്യമായ തലവേദന,​ ചുമ, ശ്വാസതടസം,​ ഛർദ്ദിയിൽ രക്തത്തിന്റെ അംശം

ബാധിക്കുന്ന അവയവങ്ങൾ

മുഖം, മൂക്ക്, കണ്ണ്, തലച്ചോർ,​ ശ്വാസകോശം. കണ്ണുകളെ ബാധിച്ചാൽ കാഴ്ച നഷ്ടപ്പെടാം.

ചികിത്സ

ആന്റി ഫംഗൽ ഇൻജക്‌ഷനാണ് പ്രധാനം. ഫംഗസ് ബാധയുടെ തീവ്രത വിലയിരുത്തി മറ്റ് മരുന്നുകൾക്കൊപ്പമാണ് ഇൻജക്‌ഷൻ. ഏതെങ്കിലും അവയവത്തിൽ ഫംഗസ് ബാധ മാരകമായാൽ മറ്റിടങ്ങളിലേക്ക് പടരാതിരിക്കാൻ അവയവം നീക്കം ചെയ്യേണ്ടി വന്നേക്കാം. മലപ്പുറത്ത് രോഗിയുടെകണ്ണ് നീക്കേണ്ടി വന്നു. ആരംഭ ഘട്ടമാണെങ്കിൽ ഭേദമാകാൻ എളുപ്പം. ഗുരുതരമായാൽ മരണ സാദ്ധ്യത 50 - 80 ശതമാനമാണ്.

ശ്രദ്ധ,​ നിയന്ത്രണം

ഉയർന്ന പ്രമേഹം (ഹൈപ്പർഗ്ലൈസീമിയ)
സ്റ്റീറോയിഡുകളുടെ അമിത ഉപയോഗം
ആന്റിബയോട്ടിക്ക്, ആന്റി ഫംഗൽ മരുന്നുകൾ

വൃത്തിയുള്ള അന്തരീക്ഷത്തിൽ കഴിയണം.

ശുചിത്വം പാലിക്കണം

പ്രതിരോധിക്കാം

പ്രമേഹ രോഗികളും പ്രതിരോധശേഷിയില്ലാത്ത മറ്റുള്ളവരും പഞ്ചസാര ഉപയോഗവും രക്തത്തിലെ ഗ്ലൂക്കോസും നിയന്ത്രിക്കണം. പ്രമേഹം ഇല്ലാത്തവരിൽ കൊവിഡിന് ശേഷം പ്രമേഹം ഉണ്ടാകുന്നോയെന്ന് ശ്രദ്ധിക്കണം. കൊവിഡ് രോഗികൾക്ക് പ്രതിരോധ ശേഷി കുറയും. നെഗറ്റീവായാലും പ്രതിരോധ ശേഷി തിരിച്ചു കിട്ടാൻ സമയം എടുക്കും.

സ്റ്റിറോയിഡുകൾ കഴിക്കുന്നവരെ നിരന്തരം നിരീക്ഷിച്ച് ഡോക്ടറുടെ നിർദ്ദേശത്തോടെ അളവ് കുറയ്‌ക്കണം. അമിതമായ സ്റ്റിറോയിഡ് ഉപയോഗം പ്രതിരോധ ശേഷി കുറയ്‌ക്കും.

''

ലക്ഷക്കണക്കിന് ആളുകൾക്ക് കൊവിഡ് ബാധിച്ചതിൽ ചുരുക്കം ചിലർക്കാണ് ബ്ലാക്ക് ഫംഗ്സ് ബാധിച്ചത്. അതിനാൽ ഭയപ്പെടേണ്ട. പ്രമേഹം നിയന്ത്രിക്കണം. ശുചിത്വവും പ്രധാനമാണ്.'

- ഡോ.ടി.എസ്.അനീഷ്

അസോസിയേറ്റ് പ്രൊഫസർ, കമ്മ്യൂണിറ്റി മെഡിസിൻ

തിരുവനന്തപുരം മെഡിക്കൽ കോളേജ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BLACK FUNGUS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.