ചാവക്കാട്: തൊട്ടാപ്പ് കടപ്പുറത്ത് അടിഞ്ഞ ലോഹനിർമ്മിതപെട്ടിയും പെട്ടിക്കുള്ളിൽ നിന്ന് ലഭിച്ച മെഷീൻ ഗണ്ണിന്റെ മെറ്റൽ ലിങ്കുകളും ആരുടേതെന്ന് തിരിച്ചറിഞ്ഞില്ല. നിലവിൽ മുനയ്ക്കകടവ് തീരദേശ പൊലീസ് സ്‌റ്റേഷനിലാണ് പെട്ടി സൂക്ഷിച്ചിരിക്കുന്നത്. പെട്ടി സംബന്ധിച്ച വിവരം കൊച്ചിയിലെ തീരദേശ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിന് മുനയ്ക്കകടവ് പൊലീസ് കൈമാറിയിട്ടുണ്ട്. പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സ് വഴി കോസ്റ്റ് ഗാർഡ്, നേവി തുടങ്ങിയവർക്ക് വിവരം കൈമാറും. ഇവർ സ്ഥലത്തെത്തി ഇത് പരിശോധിച്ച് ആരുടേതെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിലവിൽ ആരും എത്തിയിട്ടില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവരുടേതാണെന്ന് കണ്ടെത്തിയാൽ പെട്ടി അവർക്ക് കൈമാറും. പെട്ടി അവരുടേതല്ലെന്ന് തെളിഞ്ഞാൽ പൊലീസ് ഇത് കോടതിയിൽ ഹാജരാക്കും. ശനിയാഴ്ചയാണ് തൊട്ടാപ്പ് കടപ്പുറത്ത് നിന്ന് മത്സ്യത്തൊഴിലാളികൾക്ക് പെട്ടി കിട്ടിയത്. കഴിഞ്ഞ ദിവസം മുനയ്ക്കക്കടവ് തീരദേശ പൊലീസ് ഇൻസ്‌പെക്ടർ ടി.പി.ഫർഷാദിന്റെ നേതൃത്വത്തിൽ പെട്ടി തുറന്നു പരിശോധിച്ചപ്പോഴാണ് മെഷീൻഗണ്ണിൽ ബുള്ളറ്റും ബെൽറ്റും ബന്ധപ്പെടുത്താൻ ഉപയോഗിക്കുന്ന മെറ്റൽ ലിങ്കുമാണ് പെട്ടിക്കുള്ളിലെന്ന് വ്യക്തമായത്. അഞ്ഞൂറിനടുത്ത് മെറ്റൽ ലിങ്കുകളാണ് പെട്ടിയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |