കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ കൊച്ചിക്കാർക്ക് ആശ്വാസം പകർന്ന് മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. ശ്വാസം മുട്ടി കഴിയുന്നവർക്ക് അരികിലേക്ക് രാജഗിരി ആശുപത്രിയിൽ നിന്ന് മെഡിക്കൽ സംഘത്തെ അയയ്ക്കുകയായിരുന്നു മമ്മൂട്ടിയെങ്കിൽ ,മാലിന്യമടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് മോഹൻലാൽ.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും രാജഗിരി ആശുപത്രിയും ചേർന്നാണ് സൗജന്യ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്. ദുരിതബാധിത മേഖലകളിൽ മരുന്നും ഓക്‌സിജൻ കോൺസൻട്രേറ്ററും സഹിതമാണ് ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റിന്റെ പര്യടനം. സൂപ്രണ്ട് ഡോ. സണ്ണി. പി. ഓരത്തേൽ, ശ്വാസകോശ വിഭാഗത്തിലെ ഡോ. വി. രജേഷ് എന്നിവർക്കാണ് മേൽനോട്ടമെന്ന് ആശുപത്രി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിളളി അറിയിച്ചു.ഇന്ന് കുന്നത്തുനാട് പഞ്ചായത്തിലെ പിണർമുണ്ടയിലും നാളെ തൃപ്പൂണിത്തുറയിലെ വടക്കേ ഇരുമ്പനം പ്രദേശത്തും പരിശോധനയുണ്ടാകും. ഫോൺ: 7736584286.
നടനെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയന് എഴുതുന്ന സൗഹൃദ കത്തല്ലെന്നും കേരളത്തിൽ ജീവിക്കുന്ന ഒരു മനുഷ്യൻ മുഖ്യമന്ത്രിക്ക് നല്കുന്ന നിവേദനമാണിതെന്നും പറഞ്ഞാണ് മോഹൻലാലിന്റെ തുടക്കം.'കേരളത്തെ പേടിപ്പിക്കുന്ന ഭീകരനാണ് മാലിന്യം. എല്ലാ പ്രശ്‌നങ്ങൾക്കും കാരണം റോഡിനിരുവശത്തും കുമിഞ്ഞുകൂടുന്ന മാലിന്യമാണ്. പകർച്ചവ്യാധികളും അലഞ്ഞുതിരിയുന്ന നായ്ക്കളും ഇതിന്റെ സൃഷ്ടിയാണ്. മാലിന്യം നിക്ഷേപിക്കാൻ കൃത്യമായ സ്ഥലം ഉണ്ടാക്കിയിട്ടും പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നവരെ ശിക്ഷിക്കണം. ഈ യജ്ഞം കഠിനവ്രതമായി അങ്ങ് ഏറ്റെടുത്തില്ലെങ്കിൽ അഞ്ചു വർഷം കഴിഞ്ഞുള്ള കേരളത്തെക്കുറിച്ച് ഓർക്കാൻ പോലും പേടിയാകുന്നു. തിരക്കിനിടയിൽ എപ്പോഴെങ്കിലും ഒന്ന് കണ്ണടച്ചിരിക്കുമ്പോൾ അങ്ങ് ഒന്നോർത്തു നോക്കൂ' ,ലാലിന്റെ ശബ്ദ സന്ദേശത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |