□ഡോ.സിസ തോമസും ഡോ.ശിവപ്രസാദും ചുമതലയേറ്റു
തിരുവനന്തപുരം: സർക്കാരിന്റെ പാനൽ തള്ളി സാങ്കേതിക,ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വൈസ്ചാൻസലർമാരെ ഗവർണർ സ്വന്തം നിലയിൽ നിയമിച്ചതോടെ, സർക്കാർ-ഗവർണർ പോര് കടുത്തു.
സർക്കാരിന്റെ പാനലിൽ നിന്നായിരിക്കണം വി.സി നിയമനമെന്ന് സർക്കാർ നിലപാടെടുത്തിരുന്നു. എന്നാൽ പാനലിനെക്കുറിച്ച് ഉത്തരവിൽ പരാമർശമില്ലെന്ന്
നിയമോപദേശം ലഭിച്ചതോടെ, താത്കാലിക വി.സിമാരായി ഡോ.സിസാ തോമസ്(ഡിജിറ്റൽ), ഡോ.കെ.ശിവപ്രസാദ്(സാങ്കേതികം) എന്നിവരെ വീണ്ടും നിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കി. ഇരുവരും ഇന്നലെ രാവിലെ ചുമതലയേറ്റു.
നിയമനങ്ങൾ റദ്ദാക്കണമെന്നും സർക്കാരിന്റെ പാനലിൽ നിന്ന് നിയമിക്കണമെന്നും ഉന്നത വിദ്യാഭ്യാസ അഡി.ചീഫ്സെക്രട്ടറി ഷർമ്മിള മേരിജോസഫും ഐ.ടി സ്പെഷ്യൽ സെക്രട്ടറി സാംബശിവ റാവുവും ഗവർണർക്ക് കത്ത് നൽകി.വി.സി നിയമനങ്ങൾ നിയമപ്രകാരമല്ലാത്തതിനാൽ റദ്ദാക്കണമെന്ന് മുഖ്യമന്ത്രിയും ഗവർണർക്ക് കത്തയച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അന്തസത്തയ്ക്കെതിരും ലംഘനവുമാണ് ഗവർണറുടെ നടപടി. രണ്ടിടത്തും സ്ഥിരം വി.സിമാരെ നിയമിക്കണം.നിയമനത്തിന് മുൻപ് സർക്കാരിന്റെ അഭിപ്രായം കേൾക്കണമെന്നും മുഖ്യമന്ത്രി കത്തിലാവശ്യപ്പെട്ടു. വി.സി നിയമനത്തിലൂടെ ഗവർണർ സുപ്രീംകോടതിയെ വെല്ലുവിളിച്ചെന്നും, ആർ.എസ്.എസ് .അജൻഡ നടപ്പാക്കുകയാണെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി. നിയമനം ഗവർണറുടെ ഏകപക്ഷീയ തീരുമാനമാണെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
ഉത്തരവ് അനുകൂലം:
രാജ്ഭവൻ
സുപ്രീംകോടതി ഉത്തരവിൽ സർക്കാരിന്റെ പാനലിൽ നിന്ന് വി.സിയെ നിയമിക്കണമെന്ന് പറഞ്ഞിട്ടില്ല. നിലവിലെ വി.സിമാരെ പുനർനിയമിക്കാൻ ഗവർണറെ അധികാരപ്പെടുത്തിയിട്ടുണ്ട്.
പി.വി.സി, സമീപത്തെ വി.സി, വകുപ്പ്സെക്രട്ടറി എന്നിവരെ സർക്കാരിന് ശുപാർശ ചെയ്യാമെന്നത് യു.ജി.സി ചട്ടപ്രകാരം നിയമ വിരുദ്ധമായതിനാൽ നിലനിൽക്കില്ല.
വകുപ്പ്സെക്രട്ടറിയെ താത്കാലിക വി.സിയാക്കാൻ മാത്രമാണ് സർക്കാർ ശുപാർശ വേണ്ടത്. എന്നാൽ 10വർഷം പ്രൊഫസറായ അക്കാഡമീഷ്യന്മാരെയേ വി.സിയാക്കാവൂവെന്ന സുപ്രീംകോടതി ഉത്തരവുള്ളതിനാൽ ഇത് അസാദ്ധ്യമാണ്.
കോടതിയിൽ നേരിടാൻ
സർക്കാർ
ഡിജിറ്റൽ, സാങ്കേതിക വി.സി നിയമനത്തിൽ ഇടക്കാല വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ളത്. ആഗസ്റ്റ്13ന് വീണ്ടും കേസ് പരിഗണിക്കുന്നുണ്ട്. സർക്കാരിന്റെ പാനലിൽ നിന്നല്ലാതെ ഗവർണർ നിയമനം നടത്തിയെന്ന് കോടതിയെ സർക്കാർ അറിയിക്കും. .
സമവായ ചർച്ചയ്ക്ക്
ഗവർണർ
സ്ഥിരം വി.സി നിയമനത്തിൽ സമവായം വേണമെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉന്നതവിദ്യാഭ്യാസ, ഐ.ടി വകുപ്പ് സെക്രട്ടറിമാരെ ഗവർണർ ചർച്ചയ്ക്ക് വിളിക്കും. 8 സർവകലാശാലകളിലെ വി.സി നിയമനത്തിന് ഗവർണർ രൂപീകരിച്ച സെർച്ച്കമ്മിറ്റിക്കെതിരെ സർക്കാർ നേടിയ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെടും
സർക്കാരിന്റെ
2പാനലുകൾ
വി.സിനിയമനത്തിന് 2പാനലുകൾ ഇന്നലെ ഉച്ചയോടെ സർക്കാർ നൽകി. സാങ്കേതിക സർവകലാശാലയിലേക്ക് ഡോ.പ്രവീൺ, ഡോ.ജയപ്രകാശ്, പ്രൊഫ.ആർ.സജീബ് എന്നിവരുടെയും ഡിജിറ്റൽ വാഴ്സിറ്റിയിലേക്ക് ഡോ. എം.കെ ജയരാജ്, ഡോ.രാജശ്രീ, ഡോ.കെ.പി സുധീർ എന്നിവരുടെയും പാനലാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |