കൊച്ചി: നികുതി ഇളവിലൂടെ ഇടത്തരക്കാരെയും ശമ്പളക്കാരെയും ചേർത്തുപിടിച്ച കേന്ദ്ര ബഡ്ജറ്റ് ലക്ഷ്യമിടുന്നത് വിപണിയുടെ പുത്തനുണർവ്. ഒപ്പം വികസിത ഭാരതമെന്ന ലക്ഷ്യത്തിലേക്കുള്ള ദീർഘകാല നടപടികളും. ആദായ നികുതിയിലെ വമ്പൻ ഇളവുകളിലൂടെ സാധാരണക്കാരിലേക്ക് അധിക പണമെത്തും.
മുൻ ബഡ്‌ജറ്റുകളിൽ സർക്കാരിലേക്ക് അധിക പണം സമാഹരിക്കാനായിരുന്നു ധനമന്ത്രി നിർമ്മല സീതാരാമൻ ശ്രദ്ധിച്ചിരുന്നത്. ഇടത്തരക്കാരുടെ പോക്കറ്റ് നിറയ്‌ക്കാനാണ് 12 ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ ആദായനികുതി ഇത്തവണ ഒഴിവാക്കിയത്. ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷനിലൂടെ 12.75 ലക്ഷത്തിന്റെ വരുമാനത്തിന് നികുതിയും ഒഴിവാക്കാനാകും. ആദായനികുതി ഇളവുകളിലൂടെ പ്രതിവർഷം ഒരു ലക്ഷം കോടിയുടെ വരുമാന നഷ്‌ടമാണ് കേന്ദ്ര സർക്കാരിനുണ്ടാവുക. ഈ തുക ഇടത്തരക്കാർ പൊതുവിപണിയിൽ വിനിയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻ ബഡ്‌ജറ്റുകളിൽ അടിസ്ഥാന സൗകര്യം, സാമ്പത്തിക പരിഷ്‌കരണങ്ങൾ, ഗ്രാമീണ പദ്ധതികൾ എന്നിവയിലാണ് നിർമ്മല സീതാരാമൻ ശ്രദ്ധിച്ചിരുന്നത്. എന്നാൽ ഇത്തവണ ആദായ നികുതി ലളിതവും സുതാര്യവുമാക്കിയതിനൊപ്പം സ്ളാബുകളിലും വ്യത്യാസം വരുത്തി. 24 ലക്ഷം വരെ വരുമാനമുള്ളവർക്ക് ബഡ്‌ജറ്റ് നിർദ്ദേശങ്ങളുടെ പ്രയോജനമുണ്ടാകും. മുതിർന്ന പൗരന്മാർക്ക് നിക്ഷേപങ്ങളുടെ പലിശ വരുമാനത്തിലെ ടി.ഡി.എസ് 50,000ൽ നിന്ന് ഒരു ലക്ഷം രൂപയാക്കിയതും ഗുണമാകും. വാടക നൽകുമ്പോഴുള്ള നികുതി സ്രോതസിൽ പിടിക്കുന്നതിന്റെ (ടി.സി.എസ്) പരിധി 2.4 ലക്ഷത്തിൽ നിന്ന് ആറ് ലക്ഷമാക്കിയതിനാൽ ഇടപാടുകളുടെ എണ്ണം കുറയും.
നാണയപ്പെരുപ്പം ഉയർന്നതും നഗര, ഗ്രാമീണ മേഖലകളിലെ ഉപഭോഗം തളരുന്നതും കണക്കിലെടുത്താണ് ഇടത്തരക്കാരോട് അനുഭാവപൂർണമായ നിലപാട് സ്വീകരിച്ചത്. ജൂലായ് മുതൽ സെപ്‌തംബർ വരെ ഇന്ത്യയുടെ വളർച്ചാനിരക്ക് 5.4 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. അതേസമയം ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്തതിന്റെ സമ്മർദ്ദം ബഡ്‌ജറ്റിൽ ദൃശ്യമാണ്. ബീഹാറിന് വാരിക്കോരി നൽകിയപ്പോൾ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിച്ചില്ല.
ധനക്കമ്മി കുറയ്‌ക്കലും ലക്ഷ്യം
ബഡ്‌ജറ്റ് ജനകീയമാക്കിയപ്പോൾ സാമ്പത്തിക അച്ചടക്കത്തിലും അടിസ്ഥാന സൗകര്യ വികസനമടക്കമുള്ള മൂലധന ചെലവുകളിലും വിട്ടുവീഴ്‌ചയ്‌ക്ക് ധനമന്ത്രി നിർബന്ധിതയായി. ധനക്കമ്മി ആഭ്യന്തര ഉത്പാദനത്തിന്റെ 4.4 ശതമാനമായി കുറയ്ക്കലാണ് ലക്ഷ്യം. ബോണ്ട് വില്പനയിലൂടെ വിപണിയിൽ നിന്ന് 14.82 ലക്ഷം കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നു.കടമെടുപ്പ് 14.8 ലക്ഷം കോടി രൂപയായി കുറയ്ക്കാനാണ് ശ്രമം. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ച് മൂലധന ചെലവുകൾ 10.18 ലക്ഷം കോടിയാകുന്നത് അടിസ്ഥാന സൗകര്യ വികസനത്തെ പ്രതികൂലമായി ബാധിക്കുമെന്നും ആശങ്കയുണ്ട്. എന്നാൽ മൂലധന ചെലവ് 11.2 ലക്ഷം കോടി രൂപയായും റവന്യൂ ചെലവ് 39.4 ലക്ഷം കോടിയായും ഉയരുന്നത് വിപണിക്ക് ഗുണമാകുമെന്ന് നിർമ്മല പറയുന്നു. ചെറുകിട, ഇടത്തരം സംരംഭങ്ങൾ, വനിത - ഗ്രാമീണ സംരംഭകത്വം എന്നിവയ്ക്കായി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിപ്ളവകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാൻ കഴിയില്ല.
കാർഷിക ഉത്പാദനം വർദ്ധിപ്പിക്കും
കാലാവസ്ഥയിലെ മാറ്റങ്ങളും ആഗോള സപ്ളൈ ശൃംഖലയിലെ പാളിച്ചകളും കാരണമുള്ള ഭക്ഷ്യ വിലക്കയറ്റം തടയാൻ കാർഷിക ഉത്പാദനം വർദ്ധിപ്പിക്കാനും ബഡ്‌ജറ്റ് ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായാണ് പയർ വർഗങ്ങൾ, പരുത്തി എന്നിവയ്ക്ക് ഉൗന്നൽ നൽകി പുതിയ ദേശീയ മിഷൻ രൂപീകരിക്കുന്നത്. കർഷകർക്ക് ആവശ്യമായ പണലഭ്യത ഉറപ്പാക്കാൻ കിസാൻ ക്രെഡിറ്റ് കാർഡുകളിലൂടെ നൽകുന്ന വായ്പയുടെ പരിധി മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി.
വ്യവസായ വികസനത്തിൽ ദിശാബോധമില്ല
വ്യവസായ, കയറ്റുമതി മേഖലകളിലെ മികച്ച വളർച്ചയ്ക്കായി ദേശീയ മിഷനുണ്ടാകുമെന്ന് ബഡ്‌ജറ്റ് പ്രസംഗത്തിൽ പറഞ്ഞെങ്കിലും പദ്ധതിയുടെ വിശദാംശം വ്യക്തമാക്കിയില്ല. ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടും കാര്യമായി വിജയിച്ചിട്ടില്ല. നിലവിൽ മാനുഫാക്‌ചറിംഗ് മേഖലയുടെ വിഹിതം 17 ശതമാനത്തിനടുത്താണ്. എന്നാൽ ദീർഘകാല ലക്ഷ്യമായ 25 ശതമാനത്തിലേക്ക് വിഹിതം ഉയർത്താനുള്ള നിർദ്ദേശങ്ങളൊന്നും ബഡ്‌ജറ്റിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |