
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവയിൽ അനുകൂല നടപടി തേടി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് ഡൽഹിയിൽ കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തും. ഫെബ്രുവരി ഒന്നിന് കേന്ദ്രബഡ്ജറ്റ് അവതരിപ്പിക്കാനിരിക്കെയാണിത്. വിവിധ ആവശ്യങ്ങളടങ്ങിയ നിവേദനവും സമർപ്പിക്കും.
അടിക്കടി മാനദണ്ഡങ്ങൾ മാറ്റി കടമെടുപ്പിൽ വൻതോതിൽ വെട്ടിക്കുറവ് വരുത്തുന്നതാണ് സംസ്ഥാനത്തെ സാമ്പത്തിക ഞെരുക്കമുണ്ടാക്കുന്നത്. ജി.എസ്.ടി പരിഷ്കരണങ്ങളും സെസിന്റെ വ്യാപനവും ധനകാര്യകമ്മിഷൻ ശുപാർശങ്ങളിൻമേൽ മാറ്റം വരുത്തുന്നതും കേന്ദ്രഗ്രാൻഡുകളിൽ പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നതും സംസ്ഥാനത്തിന് തിരിച്ചടിയാണ്. ഇക്കാര്യങ്ങളിൽ അനുഭാവപൂർണവും പ്രായോഗികവുമായ സമീപനമുണ്ടാകണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇതിലൂന്നിയായിരിക്കും സംസ്ഥാനത്തിന്റെ ചർച്ചയെന്ന് ബാലഗോപാൽ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ വികസനത്തിന് ഫണ്ട്,പുതിയ ഘട്ടത്തിന്റെ നിർമ്മാണത്തിന് പലിശയില്ലാതെ വയബിലിറ്റി ഗ്യാപ് ഫണ്ട് അനുവദിക്കുക,സംസ്ഥാനത്തെ റെയിൽവേ വികസനത്തിന് പാക്കേജ്,50രൂപ കേന്ദ്രസഹായം കൂടി ഉൾപ്പെടുത്തി റബറിന്റെ താങ്ങുവില 250രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. ഇത്തവണ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ 29നാണ് സംസ്ഥാന ബഡ്ജറ്റ്. കേന്ദ്രബഡ്ജറ്റ് വന്നതിന് ശേഷം സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം ഉൾപ്പെടുത്തിയാണ് സംസ്ഥാന ബഡ്ജറ്റ് അവതരിപ്പിച്ചിരുന്നത്. ആ പതിവാണ് ഇക്കുറി തെറ്റുന്നത്.
നടപ്പ് സാമ്പത്തിക വർഷത്തെ അവസാന മൂന്ന് മാസത്തേക്കുള്ള കടമെടുപ്പ് പരിധിയിൽ 5,900കോടിയുടെ വെട്ടിക്കുറവ് നടത്തിയ കേന്ദ്ര നടപടി പുനഃപരിശോധിക്കണമെന്നും സംസ്ഥാനം ചർച്ചയിൽ ഉന്നയിക്കും. 17,000കോടിയോളം രൂപയുടെ വെട്ടിക്കുറവാണ് ഈ വർഷം നടത്തിയിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ള ഒരുലക്ഷം കോടിയിലേറെ രൂപയുടെ വെട്ടിക്കുറവ് ഇത്തരത്തിൽ കടമെടുപ്പിലുണ്ടായി. നിലവിൽ ഒരുലക്ഷം കോടിയാണ് സംസ്ഥാനത്തിന്റെ തനത് വാർഷിക വരുമാനം. ഈ നേട്ടം കൊണ്ടാണ് കേന്ദ്രനടപടിക്കിടയിലും സംസ്ഥാനം ജനക്ഷേമപരിപാടികൾ തടസമില്ലാതെ കൊണ്ടുപോകുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |